ആവണീശ്വരം മദ്യദുരന്തം: നാലുപേര്‍ കൂറുമാറി

COURTകൊല്ലം: അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച ആവണീശ്വരം മദ്യദുരന്ത കേസിന്റെ വിചാരണയില്‍ ഇന്നലെ വിസ്തരിച്ച അഞ്ച് സാക്ഷികളില്‍ നാലുപേരും കൂറുമാറി.  ദുരന്തത്തില്‍ മരിച്ച തലവൂര്‍ മണക്കാല കൈപ്പള്ളിയഴികത്ത് സുധാകരന്റെ ഇളയസഹോദരനും ഒന്നാംസാക്ഷിയുമായ സുന്ദരന്‍ തമ്പി,  വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായ തലവൂര്‍ മണക്കാല ചരുവിള പുത്തന്‍ വീട്ടില്‍ അനില്‍കുമാര്‍, മേലില കിഴക്കേക്കര വൃന്ദാവനത്തില്‍ ജോണ്‍, വിളക്കുടി വാലുതുണ്ടില്‍ അബ്ദുല്‍ സലാം എന്നിവരാണ് മൊഴി മാറ്റിയത്. ദുരന്തത്തില്‍ മരിച്ച വിളക്കുടി സ്വദേശി ജോര്‍ജുകുട്ടിയുടെ പിതൃസഹോദരപുത്രന്‍ കുര്യാക്കോസിനെയും ഇന്നലെ വിസ്തരിച്ചു.

മദ്യപിച്ചിരുന്നുവെന്ന് സുധാകരന്‍ മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്ന് ഒന്നാംസാക്ഷി സുന്ദരന്‍ കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ ഏത് ഷാപ്പില്‍ നിന്നാണ് മദ്യപിച്ചതെന്ന് അറിഞ്ഞുകൂടാ എന്നായിരുന്നു സുന്ദരന്റെ വിശദീകരണം. ഇക്കാര്യം അറിയാന്‍ തനിക്ക് താല്‍പര്യമില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല. ദുരന്തത്തെ സംബന്ധിച്ച് പത്രങ്ങളില്‍ വന്നതായി പറയുന്ന വാര്‍ത്തകള്‍ വായിച്ചിട്ടുമില്ല. സുധാകരന്റെ ആശ്രിതര്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. സുധാകരന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായും സുന്ദരന്‍ മൊഴി നല്‍കി.

ആവണീശ്വരം കള്ളുഷാപ്പിന് സമീപം കള്ളുകുടിച്ചിട്ട് തനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നായിരുന്നു മദ്യം കഴിച്ച് അവശനിലയില്‍ ആറ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അനില്‍കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ കഴിഞ്ഞ തനിക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചിരുന്നു. അത് അര്‍ഹതയില്ലാത്തതാണെന്നറിയാം. സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക തിരികെ നല്‍കാനും തയാറാണെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. ഓണ ദിവസങ്ങളില്‍ ബോണസായി കള്ളുകൊടുത്തതായും സാക്ഷി വെളിപ്പെടുത്തി.

മദ്യം കഴിച്ചിട്ട് കുഴപ്പമുണ്ടായിട്ടില്ലെന്നും എന്നാല്‍ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞെന്നുമായിരുന്നു മേലില സ്വദേശി ജോണിന്റെ സാക്ഷിമൊഴി. ചികിത്സാ ധനസഹായത്തിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി. യഥാര്‍ഥത്തില്‍ അസുഖമൊന്നുമില്ലാതെയാണ് പണം കൈപ്പറ്റിയത്. അപേക്ഷ നല്‍കിയതില്‍ തെറ്റുണ്ടോ എന്നൊന്നും തനിക്കറിയില്ല. എന്നാല്‍ ചികിത്സാ ധനസഹായം തിരികെ കൊടുക്കാന്‍ തയാറല്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു.

ആവശ്വണീശ്വരം റെയില്‍വേസ്റ്റേഷന് സമീപമുള്ള ഷാപ്പ് കീപ്പള്ളി അശോകന്റേതാണെന്ന് അറിയാമെന്നായിരുന്നു മറ്റൊരു സാക്ഷിയായ അബ്ദുല്‍ സലാമിന്റെ വിശീദകരണം. താനും ഷാപ്പില്‍ നിന്നും മദ്യം കഴിച്ചിരുന്നു. എന്നാല്‍ മദ്യം നല്‍കിയയാളെ അറിയില്ലെന്നും അബ്ദുല്‍ സലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അഷിദ മുമ്പാകെ മൊഴി നല്‍കി. ഇന്ന് ഏഴ് മുതല്‍ 19 വരെയുള്ള സാക്ഷികളെ വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ ജി മോഹന്‍രാജും കെ ഗോപിഷ്കുമാറും ഹാജരായി.

Related posts