രാജാക്കാട്: ആര്‍ഭാടങ്ങളുടെ മറുവാക്കായി ഇപ്പോഴത്തെ വിവാഹങ്ങള്‍ മാറുമ്പോള്‍ ഇങ്ങനെയും വിവാഹം നടത്താമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു റോണി ജോസഫും ജോസ്നമോളും. ആരോരുമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമായ ചെങ്കുളം ലിറ്റില്‍ ഫ്ളവര്‍ മേഴ്സി ഹോമിലെ അന്തേവാസിക്കൊപ്പമാക്കിയിരുന്നു അവരുടെ വിവാഹാഘോഷം. സിനിമാ മേക്കപ്മാന്കൂടിയായാണു വെള്ളത്തുവല്‍ സ്വദേശി അറയ്ക്കല്‍ റോണി ജോസഫ്. ഓള്‍കേരളാ സിനി മേക്കപ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റുകൂടിയാണ് റോണി. പാലാ എലിക്കുളം വാലുമാക്കല് കുടുംബാംഗമാണ് വധു ജോസ്നമോള്‍.
വെള്ളത്തുവല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ വിവാഹ ചടങ്ങുകള്‍ക്കുശേഷം വധൂവരന്മാര് വീട്ടിലേയ്ക്ക് പോകുന്നതിനുമുമ്പ് ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം എത്തിയത് ചെങ്കുളം ലിറ്റില്‍ ഫ്ളവര്‍ മേഴ്സി ഹോമിലേയ്ക്കാണ്. ഇവിടെ ഇവരെ കാത്തിരുന്നത് മുന്നൂറ്റി അമ്പതോളം വരുന്ന സ്നേഹനിധികളായ അച്ഛനമ്മമാരും കുട്ടികളുമടക്കമുള്ള അന്തേവാസികളായിരുന്നു.
കാറില്‍ വന്നിറിയങ്ങിയ വധൂവരന്മാരെ മോഴ്സി ഹോമിലെ ഏറ്റവും പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും ചേര്‍ന്നു പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ വേദിയിലെത്തിയ വധൂവരന്മാര്ക്ക് മധുരം വയ്ക്കലും മറ്റുചടങ്ങുകളും. അന്തേവാസികളായ എല്ലാവര്ക്കും ആദ്യം ഭക്ഷണം നല്കി. തുടര്‍ന്നാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക് വിരുന്നു സല്കാരം നല്‍കിയത്.