ഇടുക്കിയില്‍ പതിനൊന്നു കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

hasishകുമളി : പതിനൊന്ന് കോടി രൂപ വിലയുള്ള പതിനൊന്നു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ശാന്തമ്പാറ കള്ളിപ്പാറ സ്വദേശി വരിക്കത്തറപ്പേല്‍ മനോജ് (36), രാജകുമാരി സ്വദേശി കൊല്ലപ്പള്ളില്‍ പ്രസാദ്(49) എന്നിവരെയാണ് കുമളി ചെളിമട ഭാഗത്ത് വച്ചു വാഹനപരിശോധനയില്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എ. നെല്‍സന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

ഗഞ്ചാവും ഹാഷിഷ് ഓയിലും ആഡ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍ക്കുന്ന കണ്ണിയിലെ പ്രധാനികളാണ് പിടിയിലായവര്‍. മുന്‍പും പലതവണ ഇവര്‍ ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. ഇത്രയും വലിയ ഒരു മയക്കു മരുന്നുവേട്ട കേരളത്തില്‍ ആദ്യമായിട്ടാണ്. ഇതിനു മുന്‍പ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ആറു കിലോ ഹാഷിഷ് ഓയിലുമായി കൊന്നത്തടി വെള്ളത്തൂവല്‍ സ്വദേശി അനില്‍ എന്നയാളെ പിടികൂടിയിരുന്നു. അനില്‍ ഈ കേസിലെ പ്രതി മനോജിന്റെ സഹോദരനാണ്. 2013നവംബര്‍ 29 നാണ് ആറുകോടിയുടെ ഹാഷിഷുമായി വെള്ളത്തുവലില്‍ വച്ചു അനിലിനെ പിടികൂടിയത്.

ഒരു കുടുംബത്തിലെ തന്നെ രണ്ടുപേരെ ഒരേ കേസില്‍ പിടികൂടിയതോടെയാണ് കഞ്ചാവ് ഓയിലിന്റെ ജില്ലയിലെ ഉറവിടം രാജാക്കാട്, രാജകുമാരി മേഖലയാണെന്ന് ഉദ്യോഗസ്ഥ സംഘം പറയുന്നത്. കേസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായിട്ടാണ് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിരിക്കുന്നത്. സ്ക്വാഡിലെ അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. സുനില്‍ രാജ്, ജി . വിജയകുമാര്‍ പ്രവന്റീവ് ആഫീസര്‍മാരായ സേവ്യര്‍ പി.ഡി, കൃഷ്ണകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍, രവി, അനീഷ്, രതീഷ്, വിനോജ്, ലിജോ, ഷിജു, ബാബു,സുധീര്‍ മുഹമ്മദ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ പീരുമേട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related posts