മരട്: ഗുണ്ടാ ആക്രമണ കേസില്‍ ഒളിവിലാണെന്നു പറയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും മരട് നഗരസഭാ വൈസ്ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിലിന്റെ മരടിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കൊച്ചി സിറ്റി ആന്റി ഗുണ്ടാ ടാസ്ക് ഫോഴ്സ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പനങ്ങാട് എസ്ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ആന്റണിയുടെ വീട് റെയ്ഡ് ചെയ്തത്. നെട്ടൂര്ഗുണ്ടാ ആക്രമണ കേസില്‍ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി സിപി എം പ്രാദേശിക നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പോലീസ് പരിശോധന നടന്നത്. കോടികള്‍ വിലവരുന്ന സ്വത്ത് ആന്റണിക്കുണ്ടെന്നും ഇയാള്‍ ഒരു മുന്‍ മന്ത്രിയുടെ ബിനാമിയാണെന്നും സി പി എം ആരോപിച്ചിരുന്നു. എന്നാല്‍, വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ഇടപാടുകളുടെ രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.ആന്റണിയുമായി അടുത്തബന്ധമുള്ള പല നേതാക്കളും നിരീക്ഷണത്തിലാണ്.നിര്‍ദ്ദേശം ലഭിച്ചാല്‍ കൂടുതല്‍ പരിശോധകള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.