ഇറങ്ങിയത് വിദേശമദ്യം പിടിക്കാന്‍; കിട്ടിയത് 12 ലക്ഷവും സ്വര്‍ണവും; സംഭവം ഇങ്ങനെ…

goldവടകര: വിദേശമദ്യ പരിശോധനക്കിറങ്ങിയ എക്‌സൈസ് സംഘം മാഹി റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്നു 12 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണാഭരണങ്ങളും പിടികൂടി. ഇതോടനുബന്ധിച്ച് നടുവണ്ണൂര്‍ ചീനികണ്ടിയില്‍ ജിന്‍ജിത്തിനെ (28) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം അനുസരിച്ച് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ വലയിലായത്.

മാഹി റെയില്‍വെസ്റ്റേഷനു മുന്നില്‍ നിന്ന് അഴിയൂര്‍ ഭാഗത്തേക്കുളള റോഡില്‍ സംശയാസ്പദമായി കണ്ട ജിന്‍ജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നു പണവും സ്വര്‍ണാഭരണവും കണ്ടെടുത്തത്. വളകള്‍, ചെയിന്‍, മോതിരം എന്നിവയും ആയിരത്തിന്റെ നോട്ടുകളുമാണ് ബാഗിലുണ്ടായിരുന്നത്.

കോഴിക്കോട്ടെ ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ തലശേരി, മാഹി മേഖലകളില്‍ വിതരണത്തിനു കൊണ്ടുവരികയായിരുന്നെന്ന് കരുതുന്നു.  നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തിലാണ് പണവും സ്വര്‍ണവും പിടികൂടിയത്. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.ജയന്‍, സി.എം.സുരേഷ്, കെ.എം.ജിജു, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. പിടികൂടിയ സ്വര്‍ണാഭരണങ്ങളും പണവും പ്രതിയേയും ചോമ്പാല പോലീസിനു കൈമാറി.

Related posts