പൂച്ചാക്കല്‍: ഡെങ്കിപ്പനിക്ക് കാരണമായ ലാര്‍വകളെ കൂടുതലായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പള്ളിപ്പുറത്തു ജനം ആശങ്കയില്‍. കൂടുതല്‍ പരിശോധനക്കായി വിദഗ്ധസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. ഭീഷണിയുള്ള ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) സംഘം നടത്തുന്ന പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തി. ഇന്നലെ ഗ്രാമപഞ്ചായത്തിലെ രണ്ട്, 12, 13,17 വാര്‍ഡുകളിലായി 200 വീടുകളിലാണ് പരിശോധന നടത്തിയത്.
12 വീടുകളില്‍ നിന്നും ലാര്‍വകളെ കണ്ടെത്തി. രണ്ടാംവാര്‍ഡില്‍ മൂന്ന് വീട്, 12, 13 വാര്‍ഡുകളിലായി നാല് വീട്, 17–ാം വാര്‍ഡില്‍ അഞ്ച് വീട് എന്നിങ്ങനെയാണ് ലാര്‍വകളെ കണ്ടെത്തിയത്. ബുധനാഴ്ച്ച അഞ്ചുമുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഏഴാം വാര്‍ഡില്‍ അഞ്ചും എട്ടാം വാര്‍ഡില്‍ മൂന്നും വീടുകളിലായി ലാര്‍വകളെ കണ്ടെത്തിയിരുന്നു. വീട്ടിലും പരിസരത്തുമായി ഒഴിഞ്ഞ ബക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഉറവിടങ്ങളില്‍ നിന്നാണ് ലാര്‍വകളെ കണ്ടെത്തിയത്.
മറ്റു വാര്‍ഡുകളിലെ പരിശോധന ഇന്ന് തുടരുമെന്ന് എന്‍സിഡിസി കോഴിക്കോട് ശാഖാ ഡയറക്ടര്‍ ഡോ. രാജേന്ദ്രന് അറിയിച്ചു. ദിവസവും കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നു ലാര്‍വകളെ കണ്ടെത്തുന്നത് അധികൃതരും ജനങ്ങളും ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പള്ളിപ്പുറം പ്രത്യേക മേഖലയായി കണ്ട് പരിസരം വൃത്തിയാക്കല്‍, വെള്ളം കെട്ടികിടക്കാതിരിക്കല് ഉള്‍പ്പെടെയുള്ള ഉറവിട നശീകരണം ഊര്‍ജിതമാക്കണമെന്നും നിശ്ചിത ഇടവേളകളില്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നും ഡോ. രാജേന്ദ്രന് പറഞ്ഞു.