മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന് തുറന്നുകൊടുക്കാതെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി. സ്വകാര്യ ഹോട്ടലുകാരെ സഹായിക്കുന്നതിനാണ് അധികൃതര്‍ കാന്റീന് തുറന്നുകൊടുക്കാന്‍ അനുമതി നല്‍കാത്തതെന്ന് പറയുന്നു. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച കാന്റീന്റെ പണികളൊക്കെ പൂര്‍ത്തിയായി കഴിഞ്ഞു. പുതിയ ആശുപത്രിയില്‍ ഒരു മില്‍മ ബൂത്തും ഇന്ത്യന്‍ കോഫി ഹൗസുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യന്‍ കോഫി ഹൗസ് രാത്രി എട്ടോട്ടെ അടയ്ക്കും. 24 മണിക്കൂറും മില്‍മ ബൂത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ ആഹാര സാധനങ്ങള്‍ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.
നാട്ടുകാരുടെയും രോഗികളുടെയും അഭ്യര്‍ഥന മാനിച്ചാണ് കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കാന്റീന് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ചില കച്ചവട സ്ഥാപനങ്ങളുടെ ഇടപെടല്‍ മൂലം കാന്റീന് തുറക്കാതിരിക്കാന്‍ സ്റ്റേ വാങ്ങിയിരിക്കയാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ കരാര്‍ കാലാവധി കഴിയുന്നതു വരെ സാധാരണക്കാര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന കാന്റീന് തുറക്കാന്‍ പാടില്ലെന്നുള്ള ഗൂഢനീക്കത്തിന് അധികൃതരുടെ പൂര്‍ണമായ സഹകരണവും ഉണ്ടത്രേ. നാലു മാസമാണ് ചിലര്‍ ബിനാമി പേരില്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്. എന്നാല്‍ സ്റ്റേ നീക്കം ചെയ്യാനുള്ള നടപടിക്ക് ആശുപത്രി അധികൃതര്‍ തയ്യാറാകാത്തത് അവര്‍ക്ക് ലഭിക്കുന്ന മാസപ്പടിയുടെ കനം കൊണ്ടാണെന്നാണ് നാട്ടുകാരുടെ ആരോപണം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് നേരത്തെ തീുമാനമുണ്ടായിട്ടുള്ളത്. പാവപ്പെട്ട രോഗികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുകയെന്നതും അതുവഴി അമ്പതോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവും നടക്കാതെ നീണ്ടുപോകുകയാണ്. ആശുപത്രി കോമ്പൗണ്ടിലെയും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലെയും വിലനിലവാരം ഏകീകരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും രോഗികളും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.