എ.എം. ബാബു, സോമരാജന്‍, വി. ഷെര്‍സി: ഹൈക്കോടതി ജഡ്ജിമാരാകും

EKM-JUDGEകൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ജുഡീഷല്‍ സര്‍വീസിലുള്ള മൂന്നു പേരെ കൂടി നിയമിക്കാന്‍ തീരുമാനമായി. കേരള ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എ.എം. ബാബു, തിരുവനന്തപുരം ജില്ലാ ജഡ്ജി വി. ഷെര്‍സി, പത്തനംതിട്ട ജില്ലാ ജഡ്ജി സോമരാജന്‍ എന്നിവരെയാണു ജുഡീഷല്‍ സര്‍വീസില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നത്. അഭിഭാഷകരായ ദേവന്‍ രാമചന്ദ്രന്‍, സതീഷ് നൈനാന്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം ഒരുമിച്ചാണുണ്ടാവുക.  കാഞ്ഞിരപ്പിള്ളി എട്ടുപങ്കില്‍ പരേതരായ ഡോ. ടി.എച്ച്. മുഹമ്മദ് ഖാന്‍-ഖദീജ ദമ്പതികളുടെ മകനാണു എ.എം. ബാബു. ചങ്ങനാശേരി എസ്ബി കോളജില്‍നിന്നു ബിരുദം നേടിയ ബാബു ഉടുപ്പി ലോ കോളജില്‍നിന്നു നിയമബിരുദം നേടി.

1981ല്‍ എന്‍റോള്‍ ചെയ്തശേഷം കോട്ടയത്തു പ്രാക്ടീസ് ആരംഭിച്ചു. 1988ല്‍ കോഴിക്കോട് മുനിസിഫ് ആയി ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു. കാസര്‍ഗോഡ്, കൊച്ചി, ഒറ്റപ്പാലം, തിരുവല്ല എന്നിവിടങ്ങളില്‍ സബ് ജഡ്ജിയായി. 2002ല്‍ ജില്ലാ ജഡ്ജിയായി. 2010ല്‍ ജുഡീഷല്‍ അക്കാഡമിയില്‍ അഡീഷണല്‍ ഡയറക്ടറായി. 2012 മുതല്‍ ഡയറക്ടറായി സേവനം അനുഷ്ടിക്കുകയാണ്. ഭാര്യ സി.എം. റംല. രണ്ടു മക്കളുണ്ട്.പത്തനംതിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പി.സോമരാജന്‍ (54). കൊല്ലം മാടന്‍നട പുളിമൂട്ടില്‍ പരേതനായ പുരുഷോത്തമന്റെയും ചന്ദ്രമതിയുടെയും മൂത്ത മകന്‍. നേരത്തെ ആലപ്പുഴ ജില്ലാ ജഡ്ജി, കോട്ടയത്ത് സ്‌പെഷല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍, തിരുവനന്തപുരത്ത് അഡീഷണല്‍ ജില്ലാ ജഡ്ജി, സെഷന്‍സ് ജഡ്ജി, വടക്കന്‍ പറവൂരിലും പാലക്കാട്ടും അഡീഷണല്‍ ജില്ലാ ജഡ്ജി, സെഷന്‍സ് ജഡ്ജി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മാടന്‍നട പികെപിഎം എന്‍എസ്എസ് സ്കൂളില്‍നിന്നു എല്‍പി, യുപി വിദ്യാഭ്യാസവും അയത്തില്‍ വിവി എച്ച്എസില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കൊല്ലം എസ്എന്‍ കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനം. തിരുവനന്തപുരം ലോ കോളജില്‍നിന്ന് നിയമ ബിരുദം നേടി. 1988ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത ശേഷം കൊല്ലത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. അനന്തശിവത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പ്രാക്ടീസ് തുടങ്ങി. 2001ല്‍ ജില്ലാ, സെഷന്‍സ് ജഡ്ജിയായി നിയമിതനായി.ഭാര്യ: എസ്. ശാന്തകുമാരി. മാവേലിക്കര വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്ചറര്‍ തുഷാര, നിയമ പഠനം പൂര്‍ത്തിയാക്കിയ  സരയൂ എന്നിവരാണ് മക്കള്‍.

കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ സുരേഷ് ബാബു, കേബിള്‍ നെറ്റ് വര്‍ക്ക് ബിസിനസ് രംഗത്തുള്ള സന്തോഷ് കുമാര്‍ എന്നിവര്‍ സോമരാജന്റെ സഹോദരങ്ങളാണ്.  വി. ഷെര്‍സി  1988ല്‍ പത്തനംതിട്ട മുന്‍സിഫായായണ് ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചത്. പിന്നീട് പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു. 1992ല്‍ തൃശൂര്‍ സബ് ജഡ്ജിയായി. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും സബ് ജഡ്ജിയായതിനുശേഷം 2001 ജില്ലാ ജഡ്ജിയായി. കോഴിക്കോട് കുടുംബ കോടതി, കോഴിക്കോട് അഡി. ജില്ലാ കോടതി, ഒറ്റപ്പാലം എംഎസിടി, എറണാകുളം അഡി. ജില്ലാ കോടതി, തൃശൂര്‍ അഡി. ജില്ലാ കോടതി എന്നിവടങ്ങളിലും സേവനമനുഷ്ടിച്ചു.

2012ല്‍ മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായതിനുശേഷം അതേ വര്‍ഷം മേയില്‍ തലശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി ചുമതലയേറ്റു.  2015 ജൂണില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റശേഷം പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു വരികയാണ്. ഡോ. ബാലചന്ദ്രന്റെ (പ്രഫസര്‍, ത്വക്ക് വിഭാഗം, ആലപ്പുഴ മെഡിക്കല്‍ കോളജ്) ഭാര്യയാണ്. മകള്‍ നമിത നീത ബാലചന്ദ്രന്‍ എറണാകുളം ലോ കോളജിലെ രണ്ടാം വര്‍ഷ  എല്‍എല്‍ബി വിദ്യാ ര്‍ഥിയാണ്.

Related posts