എക്‌സൈസ് ചമഞ്ഞ് മദ്യവും പണവും കവരുന്ന മൂന്നംഗ സംഘം പിടിയില്‍

kkd-arrestവടകര: മദ്യക്കടത്തുകാരെ എക്‌സൈസ് ചമഞ്ഞ് പിന്തുടര്‍ന്ന് മദ്യവും പണവും കവരുന്ന മൂന്നംഗ സംഘം വടകരയില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ മരക്കാര്‍കണ്ടി ചെക്കിന്റവിട ഖാലിദ് (43), പഴയങ്ങാടി കണ്ണൂക്കാരത്ത് മമ്മൂഞ്ഞ് എന്ന മമ്മൂട്ടി (46), തില്ലങ്കേരി കാവുപടി കളത്തില്‍ സക്കറിയ (35) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പ്രധാനമായും മാഹിയില്‍ നിന്നു മദ്യം കടത്തുന്നവരെ പിന്തുടര്‍ന്ന് എക്‌സൈസ് സക്വാഡാണെന്ന് പറഞ്ഞു മദ്യവും പണവും കവരുകയാണ് ഇവരുടെ രീതി. മാഹിയില്‍ നിന്നു മദ്യവുമായി ബസില്‍ കയറുന്നവരെ മൂവര്‍ സംഘം അതേ ബസില്‍ പിന്തുടരുകയാണ് ചെയ്യുക. ബസില്‍വെച്ച് തന്നെ ഇവര്‍ കടത്തുകാരോട് തങ്ങള്‍ എക്‌സൈസ് സ്ക്വാഡാണെന്ന് അറിയിക്കും.

അടുത്ത സ്‌റ്റോപ്പില്‍ ഇറക്കിയ ശേഷം എക്‌സൈസ് ഓഫീസിലേക്ക് പോകാമെന്ന് പറയും. കേസില്‍ നിന്ന് ഒഴിവാകണമെങ്കില്‍ മദ്യവും കൈവശമുള്ള പണവും നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് അടുത്തതായി ചെയ്യുക. കേസും ഗുലുമാലും ഓര്‍ത്ത് കടത്തുകാര്‍ മദ്യവും പണവും നല്‍കുന്നതോടെ ഉദ്യമം പൂര്‍ത്തിയായി ഇവര്‍ സ്ഥലംവിടും.

കുറേക്കാലമായി ഈ രൂപത്തിലുള്ള പിടിച്ചുപറി ഇവര്‍ തുടങ്ങിയിട്ട്. ചൊവാഴ്ച കീഴല്‍മുക്കിലെ ബാലനെ വടകര പുതിയ സ്റ്റാന്റില്‍ വെച്ച് പിടികൂടിയപ്പോഴാണ് ഇവര്‍ വ്യാജ എക്‌സൈസുകാരാണെന്ന് വ്യക്തമാവുന്നത്. കലശപൂജക്ക് വേണ്ടി ബീവറേജില്‍ നിന്ന് മദ്യവുമായി പോകുമ്പോഴാണ് എക്‌സൈസ് സ്ക്വാഡാണെന്ന് പറഞ്ഞ് ഇവര്‍ ബാലനെ തടഞ്ഞത്.

സംശയം തോന്നിയ ബാലന്‍ എക്‌സൈസ് ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. ആളുകള്‍ കൂടിയതോടെ മൂന്നുപേരും കെണിയില്‍ അകപ്പെട്ടു. പോലീസെത്തി എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Related posts