കോട്ടയം: എക്സൈസ് സംഘത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. പനച്ചിക്കാട് കരടിക്കുഴിയില് ലിബിന് കെ. ഐസക്ക്(31) ആണ് പിടിയിലായത്. രാത്രി 12ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി കോട്ടയം എക്സെസ് റെയ്ഞ്ച് നടത്തിയ രാത്രികാല പരിശോധനയില്‍ കോടിമതപാലത്തിനു സമീപം കാറിലിരുന്നു മദ്യപിക്കുകയായിരുന്ന ആറംഗസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് എക്സൈസ് സംഘത്തിനു നേരെ മദ്യപസംഘം വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്.
ഉടന്‍ തന്നെ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാന്‍ ആറംഗസംഘം ശ്രമിച്ചെങ്കിലും ഒരാള്‍ പിടിയിലാവുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ലിബിനെതിരെ അബ്കാരി കേസുകള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലിബിനെ അറസ്റ്റ് ചെയ്ത ഉടനെ ലിബിന്റെ സുഹൃത്തുക്കള്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയതായും എക്സൈസ് സംഘം പറഞ്ഞു.