ചവറ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരുമുല്ലവാരം സ്‌റ്റെല്ലാ മേരീസ് കോണ്‍വന്റിലെ സിസ്റ്റര്‍ ബര്‍ണഡിന്‍ മേരി. ആത്മീയ ശുശ്രൂഷകളും, ധ്യാനവുമായി കഴിഞ്ഞ് വന്ന ഈ കര്‍ത്താവിന്റെ മണവാട്ടി ശതാഭിഷിക്തയാകാന്‍ ഒരുങ്ങും മുന്‍പ് നേടിയതാകട്ടെ മാനസിക കൗണ്‍സിലിംഗില്‍ ഡിപ്ലോമ അതും ഒന്നാം റാങ്കില്‍ തന്നെ.
തമിഴ്‌നാട്ടിലെ പെരിയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലെ ഫൗണ്ടന്‍ കോളേജ് നടത്തിയ സൈക്കോ തെറാപ്പി ആന്റ് കൗണ്‍സിലിംഗ് കോഴ്‌സിലാണ് കോവില്‍തോട്ടംസാന്‍ പിയോ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും പഠിച്ച എണ്‍പത്തഞ്ചുകാരി ഒന്നാം റാങ്കോടെ പാസായത്.
2014ല്‍ സാന്‍പിയോ സെന്ററില്‍ കോഴ്‌സിന് ചേര്‍ന്ന പതിനൊന്ന് പേരില്‍ നിന്നാണ് ഏറ്റവും മുതിര്‍ന്ന പഠിതാവ് അഭിമാന വിജയം നേടിയത്. മാനസിക രോഗികള്‍ക്ക് മരുന്ന് ഒഴികെയുള്ള മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള പഠനമാണ് റാങ്കോടെ ഇവര്‍ പൂര്‍ത്തിയാക്കിയത്. ബേസിക്, അഡ്വാന്‍സ്, ഡിപ്ലോമ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പഠനം നടത്തിയത്.
ആദ്യ ബാച്ചില്‍ തന്നെ റാങ്ക് തിളക്കം കിട്ടിയതിന്റെ സന്തോഷത്തിലാണ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബേണി വര്‍ഗീസും സംഘവും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ പെരിയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏത് സ്ഥാപനത്തിലും നേരിട്ട് എംഎസ്‌സിക്ക് ചേരാന്‍ കഴിയും. 13 വര്‍ഷമായി കൊല്ലം ആസ്ഥാനമാക്കി മനോരോഗം ബാധിച്ചവരും വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും സഹായമായി പ്രവര്‍ത്തിക്കുന്ന ബര്‍ണഡിന്‍ മേരി ആത്മീയതയ്‌ക്കൊപ്പം ശാസ്ത്രീയമായും ഈ രംഗത്ത് ശുശ്രൂഷകള്‍ നടത്താനുള്ള ലക്ഷ്യത്തിലാണ്.