നീലത്തില്‍ വീണ കുറുക്കന്റെ കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടത്തെ താരം ചിക്കന്‍ ടിക്കാ മസാലയില്‍ വീണ കടല്‍ക്കാക്കയാണ്. വിശന്നു വലഞ്ഞിരിക്കുമ്പോഴാണ് കക്ഷിക്ക് നല്ല ചിക്കന്‍ കറിയുടെ മണമടിക്കുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല നേരെ മണം വന്ന സ്ഥലത്തേക്ക്. ഒരു കറിനിര്മാണ ശാലയായിരുന്നു മണത്തിന്റെ ഉറവിടം. കാക്ക നോക്കുമ്പോള്‍ ഒരു പാത്രത്തില്‍ നിറയെ നല്ല ചിക്കന്‍ ടിക്കാ മസാലയി രിക്കുന്നു. എങ്കില്‍ അതില്‍ നിന്നും രണ്ടു പീസെടുത്ത് ശാപ്പിട്ടേക്കാമെന്നു കരുതി ഒന്നു കുനിഞ്ഞതു മാത്രമേ കക്ഷിക്ക് ഓര്മയുള്ളൂ പിന്നെ ബോധം വരുമ്പോള്‍ ആരൊക്കെയോ കറിയില്‍ നിന്നു തന്നെ പൊക്കിയെടുക്കുന്നതാണ് കാണുന്നത്.
ചിക്കന്‍ പീസ് കടിച്ചെടുക്കുന്നുന്നതിനിടയില് കാക്കയുടെ ബാലന്‍സ് തെറ്റുകയായിരുന്നെന്നാണ് രക്ഷപ്പെടുത്തിയവര്‍ പറഞ്ഞത്. കറിയില്‍ നിന്നെടുത്ത കാക്കയെ പിന്നീട് വെയ്ലിലുള്ള വന്യജീവികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കക്ഷി സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ നേഴ്സായ ലൂസി കെല്‍സ് പറയുന്നു. പക്ഷെ ഒരു കാര്യം കക്ഷിയുടെ വെളുത്ത നിറം പോയി ഓറഞ്ച് നിറമായെന്നു മാത്രം. പിന്നെ ചിക്കന്‍കറിയുടെ ചെറിയമണവുമുണ്ട്. ഏതാനും മാസത്തെ പരിചരണത്തിനു ശേഷം കക്ഷിയെ വെയ്ല്‍സ് വനത്തില്‍ വിടും. അതുവരെ ആശുപത്രി വാസം ഒരു ചിക്കന്‍ കറി വരുത്തിയ വിനയേ…