ആലപ്പുഴ: എല്‍ഡിഎഫിന്റെ അഴിമതി വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലായെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. പുന്നപ്ര വയലാര്‍ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന എം.ടി. ചന്ദ്രസേനന്‍ അനുസ്മരണ സമ്മേളനം സുഗതന്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച വിജയം അഴിമതി വിരുദ്ധ നിലപാടിനുള്ള അംഗീകാരമാണ്. വര്‍ഗീയ ശക്തികളില്‍നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കോണ്‍ഗ്രസ് നടത്തിയ അഴിമതിയാണ് ബിജെപിക്ക് രാജ്യത്ത് അടിത്തറ ഉണ്ടാക്കിയത്. പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാത്രിയില്‍ ആര്‍എസ് എസുകാരായി മാറുകയാണ്. സ്ഥാനത്തിനോട് താല്പര്യമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍.
അധികാരം മത്തുപിടിപ്പിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.ടി. ചന്ദ്രസേനന്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എ. ശിവരാജന്‍ അധ്യക്ഷനായി. മുഹമ്മദ് മൊഹസിന്‍ എംഎല്‍എയ്ക്ക് പന്ന്യന്‍ രവീന്ദ്രന്‍ പുരസ്കാരം സമര്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സ്വാഗതം ആശംസിച്ചു.