കേരളത്തിലിന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന തെരുവുനായപ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യര്‍ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുകയാണ് “ആട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്’ (ഒരു തെരുവ് പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നിര്‍മ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പുല്ലുവിളയില്‍ തുടങ്ങി.
ബെഥേസ്ദാ എന്റര്‍ടെയിന്‍മെന്റ് ഇന്‍ര്‍നാഷണലിന്റെ ബാനറില്‍ “ആട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്’ നിര്‍മിക്കുന്നത് ബൈജു ജോണ്‍. “ഓര്‍ക്കുക വല്ലപ്പോഴും, “കഥവീട്’ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് സോഹന്‍ലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കുന്നത്.
പ്രശസ്ത ഛായാഗ്രാഹകരായ എം.ജെ. രാധാകൃഷ്ണന്, മനോജ്പിള്ള എന്നിവ രുടെ അസോസിയേറ്റായ ഉമാശങ്കര്‍, എല്‍.വി.പ്രസാദ് ഫിലിം അക്കാദമിയില്‍ നിന്നും സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങിയ അഭിജിത്ത് എന്നിവര്‍ സ്വതന്ത്രഛായാഗ്രാഹകരാകുന്ന ചിത്രം കൂടിയാണിത്. ചിത്രസംയോജനം : സാംരാജ്, ശബ്ദലേഖനം : ശ്രീഹരി, ഗ്രാഫിക്സ് : സുധീര്‍ പി. യൂസഫ്. “ഒരാള്‍പൊക്കം’, “ഒഴിവുദിവസത്തെ കളി’ എന്നീ സിനിമകളുടെ സംഗീതസംവിധായകനായ ബേസില്‍ സി.ജെ.യാണ് പശ്ചാത്തല സംഗീതം.