ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളില്‍ കഞ്ചാവ് വില്പന വ്യാപകമാകുന്നു

KLM-KANCHAVUഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശങ്ങളിലും പരിസര പഞ്ചായത്തുകളിലും കഞ്ചാവു വില്പനയും ഉപയോഗവും വ്യാപകം. കോളജ് വിദ്യാര്‍ഥികള്‍തൊട്ട് ചെറുകുട്ടികള്‍ കഞ്ചാവുമായി വില്‍പ്പനയിലും  ഉപയോഗത്തിലും കണ്ണികളാണെന്നാണ്  രഹസ്യവിവരം. ഹൈസ്കൂള്‍ക്ലാസുകാര്‍വരെ കഞ്ചാവ് ഉപയോഗിക്കുന്നതായാണ് സൂചന. ഒറ്റപ്പാലവും ഷൊര്‍ണൂരും കഞ്ചാവു വില്‍പ്പനയുടെ ഇടതാവളമായി  തീര്‍ന്ന അവസ്ഥയാണ്. ഷൊര്‍ണൂരില്‍നിന്ന് മറ്റു ദേശങ്ങളിലേക്കും കഞ്ചാവ് കടത്തികൊണ്ടുപോകുന്നതായാണ് സൂചന. അഗളി, അട്ടപ്പാടി പ്രദേശങ്ങളില്‍  നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ് ഇവിടേക്ക് കഞ്ചാവ് എത്തുന്നതെന്നാണ് രഹസ്യവിവരം.

കോളജുകള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന അമ്പലപാറ ചുനങ്ങാട് സ്വദേശിയായ ഒരാളെ ഒരുമാസംമുമ്പ് രണ്ടു കിലോകഞ്ചാവ് സഹിതം  ഒറ്റപ്പാലം പോലീസ് പിടികൂടിയിരുന്നു. പൊറോട്ട എന്ന കോഡ് ഭാഷയാണ് ഇതിന് ആവശ്യക്കാര്‍ ഉപയോഗിച്ചിരുന്നത്. ചെറിയ പൊതികളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇയാളെ ചോദ്യംചെയ്യുകയോ കഞ്ചാവ് എവിടുന്ന് ലഭിക്കുന്നുവെന്നോ ഇതിന് പുറകില്‍ ആരെല്ലാമുണ്ടെന്നോ ഉറവിടം എവിടെയെന്നോ  എന്നൊന്നും കണ്ടെത്താനോ അന്വേഷിക്കാനോ ശ്രമിക്കാതെ  പ്രതിയെ റിമാന്‍ഡ് ചെയ്യുകമാത്രമാണ് പോലീസ് ചെയ്തത്.

ഷൊര്‍ണൂരില്‍വച്ച് രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ മാസങ്ങള്‍ക്ക് മുമ്പ് തിരൂര്‍ സ്വദേശിയില്‍നിന്നും  അഞ്ചുകിലോ കഞ്ചാവും പിടികൂടിയിരുന്നു. ഒരു തലമുറയെ ആകമാനം വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മയക്കുമരുന്നു മാനിയ വിദ്യാലയങ്ങള്‍ തുറന്നതോടെ  വീണ്ടും സജീവമാകുമെന്നുറപ്പാണ്. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലുംഷൊര്‍ണൂര്‍ ജംഗ്ഷന്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുമെല്ലാം കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വളരെ സജീവമാണെന്നാണ് സൂചന.

തീവണ്ടികളിലും ഇവര്‍ കഞ്ചാവു വില്‍ക്കുന്നുണ്ട്. റയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന കഞ്ചാവ് വില്‍പ്പന  അധികൃതര്‍ക്ക്കൂടി അറിവുള്ള കാര്യമാണ്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് ഒറ്റപ്പാലം , ഷൊര്‍ണൂര്‍ നഗരങ്ങളില്‍ കഞ്ചാവ് വില്‍പ്പന  നടന്നുവരുന്നത്. ഉണക്കി സൂക്ഷിക്കുന്ന കഞ്ചാവ് ചെറിയ  പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. പൊതി കഞ്ചാവിന് 50 രൂപയ്ക്കടുത്താണ്  വില. ഇതില്‍ രണ്ട് ബിഡിയ്ക്കുള്ള കഞ്ചാവാണ് ഉണ്ടാവുക. വിദ്യാര്‍ഥികള്‍ക്ക് വിലയില്‍ കുറവുലഭിക്കും. കഞ്ചാവ് വില്‍പ്പനക്കെതിരെ ശക്തമായ  നടപടികള്‍ സ്വീകരിക്കണ്ട പോലീസധികൃതര്‍ ഇതിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Related posts