മണ്ണാര്‍ക്കാട്: ഓപ്പറേഷന് അനന്തയുടെ ഭാഗമായി നഗരത്തിലെ റോഡുവികസനത്തിന് പത്തരകോടിയുടെ പദ്ധതി. നഗരത്തില്‍ റോഡുവികസനം, മഴവെള്ളച്ചാലുകള്‍ നിര്‍വഹിക്കുന്നതിനും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുമായുള്ള എസ്റ്റിമേറ്റാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.മണ്ണാര്‍ക്കാട്ടെ റോഡുവികസനത്തിനായി മുമ്പ് 7.6 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ലഭ്യമായിട്ടില്ലെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
തുക ലഭ്യമാകാത്ത സാഹചര്യത്തില്‍ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് വീണ്ടും അയയ്ക്കുകയായിരുന്നു. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുലൈന്‍ മാറ്റി സ്ഥാപിക്കലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ നഗരത്തിലെ റോഡുവികസനം സാധ്യമാകാത്തതിനെ തുടര്‍ന്നാണ് ഇതുകൂടി ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. എന്നാല്‍ എഎസ്പി പട്ടയങ്ങള്‍ ഈ പദ്ധതിക്ക് തടസമാകുമെന്നും ആക്ഷേപം ഉയരുന്നു. ഒരു പദ്ധതിക്കായി ഒറ്റത്തവണ മാത്രമേ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയുള്ളൂ.
എഎസ്പി പട്ടയങ്ങളുടെ തീരുമാനം ഇതുവരെയായും ഉണ്ടായിട്ടില്ല. അപ്പോള്‍ മറ്റുള്ള പ്രവൃത്തികളെല്ലാം ചെയ്യുകയും എഎസ്പി പ്രദേശം മാറ്റിനിര്‍ത്തുകയും വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഒരു ഭാഗം മാത്രം മാറ്റിനിര്‍ത്തിയാല്‍ അവിടേക്കായി മാത്രം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയില്ല.ഇതുമൂലം ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. യോഗത്തില്‍ ഷംസുദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരീരേശന്, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ.സുബൈദ, മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.പി.മൊയ്തു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സാവിത്രി, ഹുസൈന് കോളശേരി, ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.