തൃശൂര്‍: ചൂടില്‍ നിന്ന രക്ഷപെടാനുള്ള വഴിയില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളെ കുടിവെള്ളം പോലും കൊടുക്കാതെ എരിതീയിലേക്കിടുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് അറ്റകുറ്റപ്പണികളുടെ പേരില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്. ഇനി രണ്ടു ദിവസം കൂടി കുടിവെള്ളം ഉണ്ടാകില്ലെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ ഇറക്കി കഴിഞ്ഞു. ഫലത്തില്‍ അഞ്ചു ദിവസം കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടേണ്ടി വരും. കടുത്ത ചൂടില്‍ നിന്ന് രക്ഷപെടാന്‍ രണ്ടും മൂന്നും വട്ടവുമൊക്കെ കുളിക്കേണ്ടി വരുന്ന ഈ കാലത്ത് കുടിക്കാന്‍ ഒരിറ്റു വെള്ളം പോലും കിട്ടാത്ത അവസ്ഥയിലേക്കാണ് നഗരത്തിലെ ജനങ്ങളെ എത്തിച്ചിരിക്കുന്നത്.
കുടിവെള്ളം മുടക്കുമ്പോള്‍ പകരം ടാങ്കറില്‍ വെള്ളം കൊടുത്തെങ്കിലും ആളുകളെ രക്ഷിക്കാനുള്ള ചുമതല പോലും കോര്പറേഷന് അധികാരികള്‍ ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ കൂട്ടത്തോടെ പരാതിപ്പെടുന്നു. കൈയൂക്കുള്ളവര്‍ കാര്യക്കാരന്‍ എന്നു പറയുന്നതുപോലെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കൗണ്‍സിലര്‍മാര്‍ ടാങ്കറില്‍ അവരവരുടെ വാര്‍ഡുകളിലേക്ക് ടാങ്കര്‍ വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍ എല്ലാ വീടുകളിലും കുടിവെള്ള വിതരണം മുടങ്ങിയതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ ടാങ്കര്‍ വെള്ളം പോലും ലഭിക്കാതെ കുടിക്കാന്‍ വെള്ളത്തിന് കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.
അറ്റകുറ്റപ്പണികള്‍ കടുത്ത വേനലില്‍ നടത്താതെ നേരത്തെ നടത്തി ആളുകള്‍ക്ക് വെള്ളം കൊടുക്കേണ്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന രീതിയില്‍ ഇത്തരത്തില്‍ കുടിവെള്ളം മുടക്കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നു. നഗരത്തിലെയും പരിസരത്തെയും വീടുകളില്‍ പൈപ്പ് വെള്ളമാണ് ഏക ആശ്രയം. ഒട്ടുമിക്ക വീടുകളിലും കിണറുകള്‍ ഇല്ല. പൈപ്പില്‍ വെള്ളം വന്നില്ലെങ്കില്‍ ഇവര്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്രയും പ്രശ്നങ്ങളുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു ദിവസമൊക്കെ കുടിവെള്ളം മുടക്കുന്നതിന്റെ യഥാര്‍ഥ കാരണമെന്തെന്നറിയാന്‍ ഭരണാധികാരികളും ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ആയിരക്കണക്കിന് രോഗികള്‍ കഴിയുന്ന മെഡിക്കല്‍ കോളജിലേക്കുള്ള കുടിവെള്ള വിതരണവും അറ്റകുറ്റപ്പണികളുടെ പേരില്‍ അഞ്ചു ദിവസമാണ് മുടക്കിയിരിക്കുന്നത്.