തൃശൂര്‍: നാരായം എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ തന്ന സംവിധായകനായിരുന്നു ശശിശങ്കര്‍. നമ്പൂതിരി സമുദായത്തില്‍ പെട്ട യുവതി അറബി അധ്യാപികയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അവതരിപ്പിച്ച നാരായം ഒരു പുതുമുഖ സംവിധായകന്റെ പാളിച്ചകളില്ലാതെയാണ് ശശിശങ്കര്‍ ആവിഷ്കരിച്ചത്. ഉര്‍വശിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് നാരായത്തിലേത്. നല്ല ഗാനങ്ങളും നാരായം എന്ന ചിത്രത്തെ ശ്രദ്ദേയമാക്കി.
തുടര്‍ന്ന് ശശിശങ്കര്‍ സംവിധാനം ചെയ്ത പുന്നാരം എന്ന ചിത്രത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെയാണ് കേന്ദ്രകഥാപാത്രമാക്കിയത്. ഒടുവിലിനൊപ്പം ജഗതി ശ്രീകുമാറും കല്‍പ്പനയും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ ദമ്പതിമാരുടേയും മക്കള്‍ ഉപേക്ഷിച്ച അച്ഛനമ്മമാരുടേയും കഥ പറഞ്ഞ പുന്നാരത്തിലും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശശിശങ്കര്‍ ശ്രദ്ധിച്ചു.
കമേഴ്‌സ്യല്‍ വിജയത്തിനൊപ്പം കലാമൂല്യത്തേയും കൂട്ടിയിണക്കിയ സംവിധായകനാണ് ശശി ശങ്കര്‍. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത മന്ത്രമോതിരത്തില്‍ കലാഭവന്‍ മണിയും പ്രധാന വേഷം ചെയ്തു. തുടര്‍ന്നുവന്ന ഗുരുശിഷ്യന്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്ന ഹാസ്യത്തില്‍ പൊതിഞ്ഞ സിനിമയായിരുന്നു.
2000ല്‍ പുറത്തുവന്ന മിസ്റ്റര്‍ ബട്‌ലര്‍ എന്ന സിനിമയില്‍ ദിലീപായിരുന്നു നായകന്‍. നര്‍മത്തില്‍ പൊതിഞ്ഞ ഈ കുടുംബകഥ തികച്ചും കമേഴ്‌സ്യല്‍ കാഴ്ചപ്പാടോടെയാണ് ശശിശങ്കര്‍ അണിയിച്ചൊരുക്കിയത്. ഇത് ബോക്‌സോഫീസ് ഹിറ്റായതിനെ തുടര്‍ന്ന് ദിലീപിനെ തന്നെ നായകനാക്കി 2002ല്‍ കുഞ്ഞിക്കൂനന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
കൂനുള്ള കഥാപാത്രമായി ദിലീപ് അഭിനയിച്ച ഈ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളുടെ പട്ടികയിലിടം പിടിച്ചു. എല്ലാതരം പ്രേക്ഷകരേയും രസിപ്പിക്കുന്ന തരത്തില്‍ നല്ല ചിത്രങ്ങളൊരുക്കാനുള്ള ശശിശങ്കറിന്റെ മികവിന്റെ ഉദാഹരണങ്ങളായിരുന്നു ഈ ചിത്രങ്ങള്‍. നര്‍മം കൈകാര്യം ചെയ്യുമ്പോള്‍ പോലും അത് അതിരുവിട്ടുപോകാതിരിക്കാനും അരോചകമാക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പേരഴകന്‍ എന്ന ചിത്രമുള്‍പ്പടെ രണ്ട് തമിഴ് സിനിമകളും ശശിശങ്കര്‍ ഒരുക്കിയിരുന്നു. മിസ്റ്റര്‍ ബട്‌ലറിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു ശശിശങ്കര്‍. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനായി ജീവിച്ച ആളായിരുന്നു അദ്ദേഹം.