കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

KNR-KARSHIKAMശ്രീകണ്ഠപുരം: കൃഷിവകുപ്പിനു കീഴിലുള്ള എള്ളരിഞ്ഞിയിലെ ഇരിക്കൂര്‍ ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്ററില്‍ 25 ലക്ഷത്തിന്റെ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. നാമമാത്രമായ തുകയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി വാങ്ങിയ യന്ത്രങ്ങളാണ് മുറ്റത്തും വരാന്തയിലുമായി തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ നശിക്കുന്നത്. 2013 ഫെബ്രുവരിയില്‍ മുന്‍ മന്ത്രി കെ.സി. ജോസഫാണ് സെന്റര്‍ ഉദ്ഘാടനം ചെയ്ത്. ജില്ലയില്‍ രണ്ടു അഗ്രോ സര്‍വീസ് സെന്ററുകളാണ് കൃഷിവകുപ്പ് അനുവദിച്ചിരിക്കുന്നത്. വര്‍ക്ക് ഷെഡ് ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് ഓരോ സെന്ററിനും അനുവദിച്ചിരിക്കുന്നത്.

25 ലക്ഷം രൂപ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ബാക്കി തുക പ്രവര്‍ത്തന ചെലവിനുമായിരുന്നു. എള്ളരിഞ്ഞിയില്‍ രണ്ടു കെട്ടിടത്തിലാണു പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരുന്നത്. അഗ്രോ സര്‍വീസ് സെന്റര്‍ ഓഫീസും ബയോ ഇന്‍പുട്ട് സെന്ററും ഒരു കെട്ടിടത്തിലും തൊട്ടടുത്ത കെട്ടിടത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാനുമാണ് ഉപയോഗിച്ചത്.

എന്നാല്‍ ഉദ്ഘാടനത്തിനുശേഷം കൃഷിവകുപ്പ് അധികൃതരോ ഭരണസമിതി അംഗങ്ങളോ ഈഭാഗത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നു പറയുന്നു. തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഭാരവാഹികളെ ബന്ധപ്പെടാനോ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിക്കാനോ കഴിയുന്നുമില്ല. ലക്ഷങ്ങല്‍ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങള്‍ യാതൊരു സംരക്ഷണവുമില്ലാതെ മുറ്റത്ത് ഉള്‍പ്പെടെ കൂട്ടിയിട്ട് മഴയും വെയിലുമേറ്റ് നശിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related posts