വാഴൂര്‍: കാലപ്പഴക്കം കൊണ്ട് തകരാറിലായ ജലസംഭരണി ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിക്കുസമീപമുള്ള ജലസംഭരണിയാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ജലസംഭരണിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് പോകുന്നതിനു പുറമേ തൂണുകള്‍ക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. തൂണുകളിലെ കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. ജലസംഭരണിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പള്ളി അധികാരികളും നാട്ടുകാരും മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഈ ജലസംഭരണിയില്‍ നിന്നുമാണ് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുന്നത്. ജലസംഭരണിക്കു താഴെയായി വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളതിനാല് ജലസംഭരണിക്കു ഉണ്ടായിരിക്കുന്ന ഈ ബലക്ഷയം വന്‍ അപകടത്തിന് സാധ്യതയൊരുക്കുന്നു.
കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഈ പ്രദേശത്തെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ജലഉപഭോക്തൃ തണ്ണീര്‍തട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് എബി ഐപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അമല്‍ ജി. പോള്‍, ലിനു ജോബ്, ജോജിമോന് കുര്യാക്കോസ്, സച്ചു വര്‍ഗീസ്, തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.