തലയോലപ്പറമ്പ്: കാല്‍നട യാത്രക്കാരിയുടെ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു ബൈക്കു യാത്രക്കാരന്‍ കടന്നുകളഞ്ഞു. തലയോലപ്പറമ്പ് സ്വദേശിനിയും കാര്‍ണിവല്‍ സിനിമാശാലയിലെ ജീവനക്കാരിയുമായ സതി (50) ന്റെ മാലയാണ് പൊട്ടിച്ചത്. തലയോലപ്പറമ്പ് പള്ളികവലയ്ക്കു സമീപം ഇന്നലെ രാവിലെ 6.30 നാണ് സംഭവം. കണ്ടുനിന്ന നാട്ടുകാര്‍ ബൈക്ക് യാത്രക്കാരനെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
ബൈക്ക് യാത്രക്കാരന്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സതി മാലയില്‍ പിടി മുറുക്കിയതിനാല്‍ മാലയുടെ കുറച്ച് ഭാഗം മാത്രമേ നഷ്ടമായുള്ളൂ. തലയോലപ്പറമ്പ് പോലീസ് ഉടന്‍ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയും സംഭവസ്ഥലത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധന നടത്തിയെങ്കിലും ചിത്രം വ്യക്തമല്ലാത്തതിനാല്‍ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മാലയുടെ കുറച്ചുഭാഗം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്ന ആശ്വാസത്തില്‍ മാലയുടെ ഉടമ പരാതിയൊന്നും നല്‍കാന്‍ തയ്യാറാകാതെ മടങ്ങി.