തിരുവനന്തപുരം: വി.എസിനെ കാണാന്‍ പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. വി.എസിന്റെ പത്രസമ്മേളനം ഇന്ന് നടക്കാനിരിക്കെയാണ് പിണറായിയുടെ നാടകീയ നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ കണ്ണുകളും വീണ്ടും കന്റോണ്‍മെന്റ് ഹൗസിലേയ്ക്കായി.
പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം വി.എസ് മൗനത്തിലാണ്. ഒരു ടേം കൂടി മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതു വി.എസിന്റേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചത്. വി.എസിനെ കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്നും യെച്ചൂരി വിശേഷിപ്പിച്ചിരുന്നു. വിഎസ് ഇന്നു പത്രസമ്മേളനം നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എം നേതാക്കളുടെ നെഞ്ചില്‍ തീയാണ്.
പത്രസമ്മേളനത്തില്‍ വി.എസ് മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തി രേഖപ്പെടുത്തിയാല്‍ അതു വലിയ വിവാദമായി മാറാനുള്ള സാധ്യത മുന്നില്‍കണ്ടു കൂടിയാണ് അനുരഞ്ജനത്തിന്റെ പാത തുറന്നു പിണറായി കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. രാവിലെ 9.45 ഓടെയാണ് പിണറായി കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. ആദ്യമായാണ് പിണറായി വി.എസിനെ കാണാന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലായിരുന്ന വി.എസ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായത്. ഈ കാലഘട്ടത്തില്‍ ഒരിക്കല്‍പോലും വി.എസിനെ കാണാന്‍ പിണറായി ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നില്ല.
“”ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അവസാനം മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ള പ്രയോഗിക അനുഭവമുള്ള പാര്‍ട്ടി നേതാവാണ് വി.എസ്. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. ഞാനാണെങ്കില്‍ പുതുക്കക്കാരന്‍ എന്ന നിലയിലാണ്. വി.എസിന്റെ അനുഭവ പരിചയം മനസിലാക്കേണ്ടതായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തേടുക പ്രധാനമാണ്”- സന്ദര്‍ശനത്തിനുശേഷം പിണറായി പറഞ്ഞു. സത്യ പ്രതിജ്ഞ ഈ മാസം 25ന് വൈകുന്നേരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രിമാരെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. എല്‍.ഡി.ഫും അതാത് പാര്‍ട്ടികളും മന്ത്രിമാരെ തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ക്യാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫിന്റെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ വി.എസിന് പാര്‍ട്ടി ഒരുക്കമാണ്. ഇതിന് വി.എസിന്റെ സമ്മതം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങളില്‍ തന്റെ നിലപാട് വി.എസ് തുറന്നു പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി.എസിനെ സന്ദര്‍ശിച്ച ശേഷം പിണറായി വിജയന്‍ എം.എന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചു.