കിഴക്കമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ ശേഷിക്കുന്ന രണ്ടു പ്രതികളില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചൂരക്കോട് സ്വദേശി രാഹുല്‍ (22) ആണ് പിടിയിലായത്. സൗത്ത് വാഴക്കുളം-ചെമ്പറക്കി ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 10 ആയി. ചൂരക്കോട് ഭാഗത്തുകൂടി ഓടുന്ന ടിപ്പര്‍ ലോറിയിലെ ക്ലീനറാണു പിടിയിലായ രാഹുല്‍. കേസിലെ പ്രധാന പ്രതിയായ ഹര്‍ഷാദ് (19) വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുന്നത്തുനാട് സിഐ കെ.ജെ. കുര്യാക്കോസ് പറഞ്ഞു.
കടമ്പ്രയാറിലും കൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലും വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇയാളും കൂടിച്ചേര്‍ന്നായിരുന്നു. കേസിലെ ശേഷിക്കുന്ന ഒരു പ്രതി പോലീസ് വലയിലാണ്. മുഖ്യപ്രതിയായ ഹര്‍ഷാദ് വഴിയാണ് ഇയാളും പെണ്‍കുട്ടിയുമായി പരിചയപ്പട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഇടയ്ക്ക് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുന്നതു മൂലം ഒളിവിലുള്ള സ്ഥലം കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകാനാണു സാധ്യത. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുെങ്കിലും പെണ്‍കുട്ടി അടിക്കടി മൊഴി മാറ്റിപ്പറയുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്. കൊച്ചിയിലെ ഹോംസ്റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയ പോലീസ് സംഘത്തിന് അത്തരത്തിലുള്ള ഒരു വീട് അവിടെ കണ്ടെത്താനായില്ല എന്നാണ് വിവരം. അതുപോലെ പീഡനം നടന്നുവെന്നു പറയപ്പെടുന്ന കാലയളവിനെപ്പറ്റിയും സംശയങ്ങള്‍ തുടരുന്നുണ്ട്.
പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പീഡനം നടന്നു എന്നായിരുന്നു പോലീസിന്റെ ആദ്യത്തെ നിഗമനം. എന്നാല്‍ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പെണ്‍കുട്ടിയുടെ മൊഴിയുമായി ഈ കാലയളവ് പൊരുത്തപ്പെടുന്നില്ലെന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരെ ജുവനൈല്‍ ഹോമിലേക്കയച്ചിട്ടുണ്ട്.