കിഴക്കമ്പലത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതോടെ കള്ളുഷാപ്പുകള്‍ക്ക് ചാകര

ekm-toddyകിഴക്കമ്പലം: കിഴക്കമ്പലത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയതോടെകള്ള് ഷാപ്പുകള്‍ക്ക് ചാകരകാലം. അതി രാവിലെ മൂപ്പന്‍ അടിക്കാന്‍ എത്തുന്നവര്‍ മുതല്‍ അന്തി മോന്താന്‍ എത്തുന്നവരടക്കം നൂറു കണക്കിന് പേരാണ് ഓരോ ഷാപ്പുകളിലും ദിവസവും എത്തുന്നത്. ഇവര്‍ക്കാവശ്യമായ കള്ള് എപോപോള്‍ ഏത് സമയത്ത് എത്തിയാലും സുലഭമായി ലഭിക്കും. എന്നാല്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ കള്ള് ഷാപ്പുകളില്‍ വില കൂടുതലാണ്.

ഓരു ലിറ്റര്‍ തെങ്ങിന് 80 രൂപയില്‍ നിന്ന് 90 ഉം പന 70 ല്‍ നിന്നും 80 ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രദേശത്ത് നിന്നും ചെത്ത് കള്ള് ലഭിക്കുന്നത് നാമമാത്രമാണെന്നാണ് പറയപ്പെടുന്നത്. പൊതുവെ തെങ്ങ് ചെത്തി കള്ളെടുക്കുന്നത് ഇവിടെ കുറവാണ്. എന്നാല്‍ നേരത്തെകാകാളും പനകള്‍ ഇവിടെ കുറവായതിനാല്‍ ഇത്രയധികം കള്ള് ഈ ഷാപ്പുകളില്‍ എത്തുന്നത് എവിടെ നിന്നാണെന്നത് സംശയത്തിനിടയാക്കുന്നുണ്ട്. പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കള്ള് എത്തുന്നുണ്ടെങ്കിലും കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് കുടിച്ചു തീര്‍ക്കാന്‍ ചുരുങ്ങിയ സമയം മതി. വിലയെക്കുറിച്ചും കള്ളിന്റെ നിലവാരത്തെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് ഷാപ്പുടമകള്‍ കള്ള് കൊടുക്കാറില്ല.

ഇക്കാരണത്താല്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മദ്യപന്‍മാര്‍ ഇതിനെ ചോദ്യം ചെയ്യാറില്ല. എന്നാല്‍ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ അനധികൃത മദ്യ വില്പന പ്രദേശത്ത് വ്യാപകമായതായി ആക്ഷേപമുണ്ട്. ഓരു ഫുള്‍ കുപ്പി മദ്യത്തിന് 100 രൂപ അധികം കൊടുത്താല്‍ രഹസ്യ കേന്ദ്രങ്ങള്‍ വഴി എത്തിച്ചു നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് സജീവവാണ്. കിഴക്കമ്പലത്ത് മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മദ്യപന്‍മാര്‍ പ്രഭാതം മുതല്‍ മദ്യത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ച്ച പുതുമയല്ലാതായി.

Related posts