കോട്ടയം: കേരളത്തില്‍ ആദ്യമായി കുറ്റകൃത്യം തടയുന്നതിന്റെ ഉത്തരവാദിത്വം ഒരു ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. വീടിനുള്ളില്‍ കയറിയുള്ള ആക്രമണം, മാല പറിക്കല്‍ എന്നിവ എങ്ങനെ തടയാം? അടിയന്തര ഘട്ടങ്ങളില്‍ പോലീസിനെയും മറ്റ് അധികാരികളെയും വിവരം അറിയിക്കുന്നത് എങ്ങനെ? തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ എന്തു ചെയ്യണമെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിച്ച് അവരെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസിനെയും എക്സൈസിനെയും ഫയര്‍ഫോഴ്സിനെയും വിവരങ്ങള്‍ അറിയിക്കുക എന്ന ദൗത്യം കൂടി ജനങ്ങള്‍ ഏറ്റെടുക്കും.
കോട്ടയം ജില്ലയിലെ 500 റസിഡന്റ്സ് അസോസിയേഷനുകള്‍ വഴി നടപ്പാക്കുന്ന പുതിയ പദ്ധതിക്കായുള്ള പരിശീലന പരിപാടി എആര്‍ ക്യാമ്പില്‍ ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രനാണ് പുതിയ പദ്ധതിക്ക് ഏറ്റവുമധികം പ്രോത്സാഹനവുമായി രംഗത്തുള്ളത്. പദ്ധതി വിജയിച്ചാല്‍ ജില്ലയില്‍ എവിടെ കുറ്റകൃത്യം കണ്ടാലും ഉടന്‍ പോലീസില്‍ വിവരം ലഭിക്കും. ജില്ലയിലെ ഓരോ റെസിഡന്റ്സ് അസോസിയേഷനില്‍ നിന്ന് രണ്ടു പേര്‍ക്കു വീതമാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. ആകെ 500 റെസിഡന്റ്സ് അസോസിയേഷനുകളാണുള്ളത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ അവരുടെ മേഖലയിലുള്ള വീട്ടുകാരെ പരിശീലിപ്പിക്കും. അതോടെ മുഴുവന്‍ ജനങ്ങളിലും അവബോധമുണ്ടാക്കാന്‍ കഴിയും.
സ്ത്രീ ഒറ്റയ്ക്കുള്ളപ്പോള്‍ ആരെങ്കിലും വന്ന് അക്രമത്തിനു മുതിരുകയോ കയ്യേറ്റത്തിനു ശ്രമിക്കുകയോ ചെയ്താല്‍ അവര്‍ പേടിച്ച് വീടിനകത്തേക്ക് കയറുകയാണ് സ്വാഭാവികമായി ചെയ്യുക. എന്നാല്‍ വാതില്‍ തുറക്കുമ്പോള്‍ അപകടകരമായ അവസ്ഥയാണെങ്കില്‍ അകത്തേക്കു പോകാതെ പുറത്തേക്ക് ഓടുകയാണെങ്കില്‍ മോഷണത്തിനോ അക്രമത്തിനോ വരുന്നയാള്‍ ഒരു നിമിഷം സ്തംഭിക്കും. ആ ഒരു നിമിഷം കൊണ്ട് ആളെക്കൂട്ടാന്‍ സാധിക്കും.
ഒരു പക്ഷേ അക്രമി തന്റെ ഉദ്യമം ഉപേക്ഷിച്ച് രക്ഷപ്പെടാനും സാധ്യതയുണ്ട്. സ്ത്രീ അകത്തേക്ക് ഓടിയാല്‍ അക്രമിക്ക് വേഗം സ്ത്രീയെ കീഴടക്കി മോഷണം നടത്താം. എതിര്‍ക്കുന്നവരെ കൊന്നും മോഷണം നടത്താന്‍ പ്രേരകമാകും. എന്നാല്‍ പുറത്തേക്കാണ് ഓടുന്നതെങ്കില്‍ ആളെക്കൂടി മോഷ്ടാവിനെ അതല്ലെങ്കില്‍ അക്രമിയെ പിടികൂടാനും സാധിക്കും. ഇത്തരത്തിലുള്ള ക്ലാസുകളാണ് ഇവിടെ നല്‍കുന്നത്. ഡിവൈഎസ്പി വി.ജി.വിനോദ് കുമാറാണ് ക്ലാസ് നയിക്കുന്നത്.