കൊട്ടാരക്കര: എംസി റോഡില്‍ വാഹനാപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. അപകടം കുറയ്ക്കാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച റോഡ് സുരക്ഷാ നടപടികളൊന്നും നടപ്പായില്ല. ഒട്ടേറെപേര്‍ അപകടങ്ങളില്‍ മരിച്ചിട്ടും അധികൃതര്‍ പാലിക്കുന്ന മൗനത്തിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. അപകട പരമ്പരയില്‍ അവസാനത്തേതായിരുന്നു കഴിഞ്ഞദിവസം ഗൃഹനാഥന്‍ വാഹനമിടിച്ച് മരിച്ചത്. കുളക്കട ലക്ഷംവീട് കോളനിക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കുളക്കട തുളസി സദനത്തില്‍ എന്‍. തുളസി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്.
ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇതോടെ നഷ്ടമായത്. എംസി റോഡില്‍ കുളത്തുവയല്‍ മുതല്‍ കുളക്കട പാലം മുക്കുവരെയാണ് അപകട മേഖല. ഇതില്‍ ആലപ്പാട്ട് ക്ഷേത്രത്തിന് സമീപവും കുളക്കട ജംഗ്ഷനിലും ലക്ഷംവീടിന് സമീപവുമാണ് ഏറ്റവുമധികം വാഹനാപകടങ്ങള്‍ സംഭവിക്കുന്നത്. അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍തന്നെ ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. അച്ഛനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്ത പെണ്‍കുട്ടി ബസ് തട്ടി മരിച്ചിട്ട് നാലുവര്‍ഷത്തോളമാകുന്നു. ഇടിച്ച വാഹനം കണ്ടെത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം നൂറോളം വാഹനാപകടങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചുവരുന്നതായാണ് പോലീസിന്റെ കണക്ക്.
2013മുതല്‍ 2015വരെ ഈ മേഖലയിലുണ്ടായ വിവിധ അപകടങ്ങളില്‍ 25പേര്‍ മരിച്ചു. ചികിത്സയ്ക്കിടയില്‍ മരിച്ചവരുടെയും മരിച്ചതിന് തുല്യം ജീവിക്കുന്നവരുടെയും കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലധികം വരും. എംസി റോഡ് നവീകരണത്തിലുണ്ടായ അശാസ്ത്രീയതയാണ് റോഡ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ആദ്യമെ വിലയിരുത്തപ്പെട്ടിരുന്നു. ഇത് പഠന വിധേയമാക്കിയ പോലീസ് എഡിജിപിയുടെ റിപ്പോര്‍ട്ടും സമാനമായിരുന്നു. എന്നിട്ടും പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായില്ല.
അപകടം വര്‍ധിച്ചതോടെ നാട്ടുകാര്‍ ഒരു വര്‍ഷം മുമ്പ് പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കുളക്കടയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പരിഹാര നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. അഡ്വ.ഐഷാപോറ്റി എംഎല്‍എ, തഹസീല്‍ദാര്‍, പോലീസ് മേധാവികള്‍, കെഎസ്ടിപി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍ തുടങ്ങിയവര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു. കുളക്കട ആലപ്പാട് ക്ഷേത്രം ജംഗ്ഷന്‍, കുളക്കട ജംഗ്ഷന്‍, ലക്ഷംവീട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റിഫ്‌ളക്ടര്‍ സ്റ്റഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കര്‍ ലൈന്‍, ഏനാത്തുമുതല്‍ കലയപുരം വരെ റോഡില്‍ റിഫ്‌ളക്ടറുകള്‍, റോഡില്‍ കാഴ്ചയ്ക്ക് തടസം നില്‍ക്കുന്നവ നീക്കം ചെയ്യല്‍, അപകട സൂചന ബോര്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍ മാറ്റല്‍, തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ കളക്ടര്‍തന്നെ പ്രഖ്യാപിച്ചു.
കൂടുതല്‍ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കെഎസ്ടിപിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഇവയില്‍ ഒന്നുപോലും നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അപകട സാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടി പോലും ഉണ്ടായില്ല. ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ കളക്ടര്‍ സ്ഥലംമാറിപോകുകയും ചെയ്തു. ഈ മേഖലയില്‍ തെരുവുവിളക്കുകള്‍ പോലും പ്രകാശിപ്പിക്കുന്നില്ല. റോഡിന് ഇരുവശവുമുള്ള ഗ്രാമപഞ്ചായത്തുകളും നിസംഗത പാലിക്കുകയാണ്. ഈ മേഖലയെ അപകടമുക്തമാക്കാനുള്ള സത്വര നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍. എംസിറോഡുവഴി കടന്നുപോകുന്ന വിഐപി വാഹനങ്ങള്‍ ഉള്‍പ്പെടെ തടയേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.