കുഴല്‍പ്പണം: ഉറവിടം തേടി പോലീസ് ; അന്വേഷണം ഊര്‍ജിതമാക്കി ;പ്രതി റിമാന്‍ഡില്‍

Kallanoteകൊണ്ടോട്ടി: വാഹന പരിശോധനയ്ക്കിടെ കള്ളനോട്ടും കുഴല്‍പ്പണവും ഉള്‍പ്പെടെ 15 ലക്ഷം രൂപയുമായി കൊണ്ടോട്ടി പോലീസ് പിടികൂടിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മൊറയൂര്‍ സ്വദേശി പാത്തൊടുവില്‍ വീട്ടില്‍ അബ്ദുള്‍ അസീസിനെ(56)യാണ് ശനിയാഴ്ച വാഹനപരിശോധനക്കിടെ കൊണ്ടോട്ടി പോലീസ് പിടികൂടിയിരുന്നത്. ഇയാളുടെ കാറിന്റെ  സീറ്റിനടിയില്‍ നിന്നായി 15,22,920 രൂപയാണ് കണ്ടെത്തിയത്. ഇതില്‍ 13,000 രൂപ കള്ളനോട്ടുകളായിരുന്നു.

വിവിധയിടങ്ങളിലായി വിതരണം ചെയ്യാനുളള പണമാണ് കണ്ടെത്തിയത്. പിന്നീട് അസീസിന്റെ മൊറയൂര്‍ വാലഞ്ചേരിയിലെ വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ നോട്ടെണ്ണല്‍ യന്ത്രം, ഫാക്‌സ് മെഷീന്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടാണ് ഇയാളില്‍ നിന്നു കണ്ടെത്തിയത്. പിടിച്ചെടുത്ത പണം പോലീസ് ബാങ്കില്‍ കൊണ്ടുപോയി എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് 26 അഞ്ഞൂറിന്റെ നോട്ടുകള്‍ വ്യാജമാണെന്ന് മനസിലായത്.

സാധാരണ കള്ളനോട്ടുകളില്‍നിന്നു വ്യത്യസ്തമായി നോട്ടിന്റെ ഒരു ഭാഗത്തുള്ള ഇടവിട്ട ലൈനില്‍ കളര്‍ വ്യത്യസമാണ് ഇതിനുണ്ടായിരുന്നത്. സാധാരണ നോട്ടും പിടിച്ചെടുത്ത കള്ളനോട്ടും തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു. 1000, 500, 50, 20 രൂപയുടെ കെട്ടുകളായാണ് പണം ഒളിപ്പിച്ചിരുന്നത്. കുഴല്‍പ്പണ വിതരണത്തിനിടയില്‍ കള്ളനോട്ട് കൂട്ടിക്കലര്‍ത്തി വിതരണം ചെയ്യുന്നതാകാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കുഴല്‍പ്പണം അസീസിന്റെ കൈവശം എത്തിയ ഉറവിടം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts