കൂരാച്ചുണ്ട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്ര രോഗികളുടെ നട്ടെല്ലൊടിക്കുന്നു. ബാലുശേരി റോഡിലെ കൈതക്കൊ ല്ലിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള നൂറ്റിയമ്പത് മീറ്റര്‍ റോഡില്‍ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് യാത്രദുസഹമായി മാറി.ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആരോഗ്യകേന്ദ്രത്തില്‍ കൂരാച്ചുണ്ട്, ചക്കിട്ടപാറ, കോട്ടൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ദിവസവും മുന്നൂറിലേറെ രോഗികള്‍ ചികിത്സയ്ക്കുത്തുന്നുണ്ട്.
മഴക്കാലമായതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അവശനിലയിലുള്ള രോഗികളെ വാഹനത്തിലെത്തിക്കുമ്പോള്‍ റോഡിന്റെ ശോച്യാവസ്ഥ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്കിയിട്ടും നടപടിയില്ല. കിടത്തി ചികിത്സയ്ക്കായി മലബാര്‍ പാക്കേജില്‍ നിന്നും അനുവദിച്ച അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ ബ്ലോക്ക് ഒരു വര്‍ഷത്തോളമായിട്ടും പാതിവഴിയിലാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് തടസമെന്നാണ് അധികൃതര്‍ പറയുന്നത്.