കെഎംആര്‍എല്‍ എംഡി മെട്രോ ജലഗതാഗത പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

EKM-KMRLWATERകൊച്ചി: മെട്രോ ജലഗതാഗത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജില്ലയിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിവിധ  പ്രദേശങ്ങളില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.  കടമക്കുടി, ചേരാനല്ലൂര്‍ പഞ്ചായത്തുകളിലെ കോരന്‍കോട്ട, പിഴല, ചേന്നൂര്‍, കോതാട്, സൗത്ത് ചിറ്റൂര്‍ ബോട്ടു ജെട്ടികളും ഈ പ്രദേശത്തെ റോഡ് മാര്‍ഗങ്ങളുമാണ് സംഘം ഇന്നലെ സന്ദര്‍ശിച്ചത്. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു എന്നിവരുമായും കെഎംആര്‍എല്‍ എംഡി ചര്‍ച്ച നടത്തി. പദ്ധതിപ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും

അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാകും പദ്ധതി നടപ്പാക്കുക. ബോട്ടുജെട്ടികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, മത്സ്യത്തൊഴിലാളികളുടെ ആവലാതികള്‍, ചില പ്രദേശങ്ങളിലെ മണ്ണൊലിപ്പ്, ജലഗതാഗത മാര്‍ഗങ്ങളിലെ ഭൂവുടമകളുടെ എതിര്‍പ്പ് എന്നിവ പദ്ധതിക്ക് തടസ മായി നിലനില്‍ക്കുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിച്ചശേഷം മാത്രമായിരിക്കും പദ്ധതിയുമായി മുന്നോട്ടു പോകുകയെന്നും കെഎംആര്‍എല്‍ എംഡി  സന്ദര്‍ശന വേളയില്‍ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം അടുത്തുതന്നെ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടി 16 ജലഗതാഗത പാതകളെയും 38 ബോട്ടു ജെട്ടികളെയും പത്ത് ദ്വീപുകളെയും ഉള്‍പ്പെടുത്തി76 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയുടെ കുതിപ്പിനോടൊപ്പം പ്രദേശവാസികളുടെ കൂടി വളര്‍ച്ചയ്ക്കും മെട്രോ ജലഗതാഗത പദ്ധതി കരുത്തേകുമെന്നും ഏഷ്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കൊച്ചിയെ മാറ്റുമെന്നും കെഎംആര്‍എല്‍ എംഡി പറഞ്ഞു.

Related posts