കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്ന കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുതുടങ്ങി. കെട്ടിടം പൊളിക്കുന്നതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലേക്കു മാറ്റിയിട്ടുണ്ട്. 1940ല്‍ സ്ഥാപിച്ച കെട്ടിടം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ആധുനികരീതിയിലുള്ള ഓഫീസ് ആറുമാസത്തിനകം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാഷ്ട്രദീപിക ഇതുസംബന്ധിച്ചു വാര്‍ത്ത നല്‍കിയിരുന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു ദിനംപ്രതി 102 സര്‍വീസുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍നിന്നും നടത്തുന്നുണ്ട്. താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 700 ഓളം ജീവനക്കാരാണു കണ്ണൂര്‍ ഡിപ്പോയില്‍ ജോലിചെയ്യുന്നത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന പഴയ ഗാരേജിന്റെ പ്രവര്‍ത്തനവും പുതിയ കെട്ടിടത്തിലേക്കു മാറ്റും. പുതിയ ഗാരേജ് തുടങ്ങുന്നതോടെ 12 ബസുകള്‍ക്ക് ഒരുമിച്ച് അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമുണ്ടാകും. 2016 ഡിസംബറോടെ പുതിയ ഗാരേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറയുന്നത്.