കാസര്‍ഗോഡ്: 12 നോട്ടിക്കല്‍ മൈലിനകത്തുളള ബോട്ടുകളുടെ മത്സ്യബന്ധനവും ടോള്‍നെറ്റ് ഉപയോഗവും കര്‍ശനമായി തടയുമെന്ന് ട്രോളിംഗ് നിരോധനം അവലോകനം ചെയ്യുന്നതിനുളള ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. എഡിഎം കെ.അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍ നടപടികള്‍ വിശദീകരിച്ചു. മത്സ്യബന്ധന ബോട്ടുകള്‍ കളര്‍ കോഡിംഗ് പാലിക്കണം. ഹളളിന് കടുംനീലയും വീല്‍ ഹൗസിന് ഓറഞ്ച് നിറവുമായിരിക്കണം നല്‍കേണ്ടത്. കടലോര ജാഗ്രതാ സമിതികള്‍ പുനരുജ്ജീവിപ്പിക്കും.
കുലച്ചില്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തീരദേശത്തോട് ചേര്‍ന്നുളള മത്സ്യബന്ധനം, മറ്റ് അനധികൃത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുളള മത്സ്യബന്ധനം തുടങ്ങിയവ കര്‍ശനമായി തടയുന്നതിനും തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, ഡിവൈഎസ്പിമാരായ എസ്.മുരളീധരന്‍, കെ.കെ.സുനില്‍കുമാര്‍, ഫിഷറീസ് അസി. ഡയറക്ടര്‍ കെ.അജിത, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ, തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ യു.എസ്.ബാലന്‍, കണ്ണൂര്‍ ഫിഷറീസ് അസി.ഡയറക്ടര്‍ മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ കെ. രേണുക, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
