കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രതിസന്ധിയില്‍; ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കിട്ടാക്കനിയോ ?

ktm-ksrtcകോട്ടയം: ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുമൂലം ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജീവനക്കാരുടെ ക്ഷാമം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങുകയാണ്. ജില്ലയിലെ എല്ലാ ഡിപ്പോയിലും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ജീവനക്കാരുടെ കുറവുമൂലം നല്ല കളക്ഷന്‍ ലഭിക്കുന്ന ഓണക്കാലത്തുപോലും മുഴുവന്‍ സര്‍വീസുകളും നടത്താന്‍ കഴിഞ്ഞില്ല. ഓണത്തോടനുബന്ധിച്ച് ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതോടെ നൂറിലധികം സര്‍വീസുകളാണ് വിവിധ ഡിപ്പോ കളിലായി വെട്ടിച്ചുരുക്കിയത്.

ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കേണ്ട സമയത്ത് ജീവനക്കാരുടെ എണ്ണത്തിലു ണ്ടായ കുറവ് ഡിപ്പോകളുടെ വരുമാനത്തിലും പ്രതിഫലിച്ചുതുടങ്ങി. സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം മാതൃകാ ഡിപ്പോയായി പാലാ ഡിപ്പോയേയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാതൃകാ ഡിപ്പോയിലും മുഴുവന്‍ സര്‍വീസുകള്‍ നടത്താന്‍ ഇതുവരെ സാധിക്കുന്നില്ല. കോട്ടയം ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും എണ്ണത്തില്‍ 80പേരുടെ കുറവാണുള്ളത്.

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഷെ ഡ്യൂള്‍ നടത്തുന്ന കോട്ടയം ഡിപ്പോയില്‍ ഇത്രയധികം ജീവനക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവ് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിനു പുറമെ പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും കഴിയുന്നില്ല.   ചെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവയാണു കോട്ടയം ഡിപ്പോയില്‍ നിന്ന് റദ്ദാക്കുന്നത്. എരുമേലി സബ് ഡിപ്പോയിലാകട്ടെ 15 ഡ്രൈവര്‍മാരുടെ കുറവുണ്ട്. എംപാനലുകാരെ നിയമിച്ച് മിക്ക സര്‍വീസുകളും മുന്നോട്ടു കൊണ്ടുപോകാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല.

അവധി ദിനങ്ങളില്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ഡ്യൂട്ടി നല്‍കി യിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ച ശേഷം എംപാനലുകാരെവച്ച് സര്‍വീസ് നടത്തുവാനാണ് അധികൃതര്‍ ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.    ചങ്ങനാശേരി ഡിപ്പോയിലും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഇരുപതിലധികം ഒഴിവുകളാ ണുള്ളത്. വൈക്കം ഡിപ്പോയിലും ജീവനക്കാരുടെ കുറവുമൂലം നല്ല കളക്ഷന്‍ ലഭിക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ പോലും റദ്ദാക്കേണ്ടിവരുന്നു.

അന്തര്‍ജില്ലാ സര്‍വീസുകള്‍ വര്‍ധിപ്പിച്ച ഈരാറ്റുപേട്ട ഡിപ്പോയിലും ആവശ്യത്തിനു ജീവനക്കാരില്ല. ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. പുതിയ ഗതാഗതമന്ത്രി ജില്ലയിലെ ഒരു ഡിപ്പോ പോലും സന്ദര്‍ശിക്കാ ന്‍ തയാറായിട്ടില്ല. രണ്ടു മാസത്തിനകം ശബരിമല പമ്പ സര്‍വീസുകള്‍ അയക്കേണ്ട ഡിപ്പോകളാണു കോട്ടയം, എരുമേലി ഡിപ്പോകള്‍. ഇവിടത്തെ ജീവനക്കാരുടെ കുറവ് ശബരിമല സര്‍വീസിനേയും ബാധിക്കും.

Related posts