കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതായി പരാതി. സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നുയരുന്ന പുക ജനങ്ങളുടെ ആരോഗ്യത്തിനു കാരണമാകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എല്ലാ വര്‍ഷവും കെഎസ്ആര്‍ടിസി ബസുകളില്‍ നടത്തുന്ന ഫിറ്റനസ് പരിശോധനയില്‍ പുക പരിശോധന നടത്താറുണ്ടെങ്കിലും മാസങ്ങള്‍ക്കകം പഴയസ്ഥിതിയിലാവുകയാണ് പതിവ്. സ്വകാര്യവാഹനങ്ങളില്‍ പുകപരിശോധന കര്‍ശനമാക്കുന്ന മോട്ടോര്‍ വാഹനവകുപ്പും പോലീസും കെഎസ്ആര്‍ടിസിയില്‍ പരിശോധന നടത്താന്‍ തയാറാകുന്നില്ലെന്നു ആക്ഷേപമുണ്ട്.
കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ എസി, നോണ്‍ എസി വോള്‍വോ ബസുകളും വലിയ രീതിയിലുള്ള അന്തരീക്ഷമലിനീകരണമാണ് സൃഷ്്ടിക്കുന്നത്. ഇത്തരം ബസുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ മെക്കാനിക്കുകളെ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എന്ജിന് തകരാര്‍മൂലമാണ് ബസുകളില്‍ നിന്നും അമിതമായി പുക ഉയരുന്നതെന്നു വിദഗ്ധര്‍ പറയുന്നു. വോള്‍വോ, നോണ്‍ എസി ബസുകളുടെ എന്‍ജിനുകള്‍ പണിയാന്‍ വിദഗ്ധരായ മെക്കാനിക്കുകള്‍ കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ഇല്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള കെഎസ്ആര്‍ടിസി ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുക കാരണം ചില ബസുകളുടെ അടുത്തുകൂടി പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ബസുകളില്‍ ഫസ്റ്റ് എയിഡ് ബോക്സുകള്‍ നിര്‍ബന്ധമാണെന്നിരിക്കെ കെഎസ്ആര്‍ടിസിയ്ക്ക് ഇതൊന്നും ബാധകമല്ലെന്നും ആരോപണമുണ്ട്. സംസ്ഥാന സര്‍വീസ് നടത്തുന്ന മിക്ക ബസുകളിലും ഫസ്റ്റ് എയിഡ് ബോക്സുകളില്ലെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ ബസുകളായതിനാല്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന കാഴ്ച്ചപാടിലാണ് അധികൃതര്‍.