കോട്ടയം: മാങ്ങാനത്തെ വില്ലയില് എത്തി 50 പവന് സ്വര്ണം കവര്ച്ച നടത്തി കടന്നുകളഞ്ഞതു ബംഗളൂരുവില്നിന്നുള്ള പ്രൊഫഷണല് സംഘം. മോഷണം നടത്താനുള്ള സ്ഥലം മുന്കുട്ടി നിശ്ചയിച്ചുശേഷം ട്രെയിനില് എത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില് നിന്നുള്ള സംഘമാണ് മാങ്ങാനത്ത് എത്തിയതെന്ന് കണ്ടെത്തിയത്. ഇവരുടെ സംഘത്തില് സംഘത്തില് കര്ണാടക, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളില് നിന്നുള്ള ചെറുപ്പക്കാരുണ്ട്. കര്ണാടക, തമിഴ്നാട് എന്നിവിടങ്ങളില് നടന്ന സമാന കവര്ച്ചകളെക്കുറിച്ചും പോലീസ് വിവരങ്ങള് ശേഖരിച്ചു വരികയാണ്.
മാങ്ങാനം സ്കൈലൈന് പാം മെഡോസില് 21ാം നമ്പര് വില്ലയില് താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള് സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വര്ണമാണു ശനിയാഴ്ച പുലര്ച്ചെ കവര്ന്നത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്ച്ചെ രണ്ടിനു ആശുപത്രിയില് പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
ജില്ലയിലുടെ വിവിധ പ്രദേശങ്ങളില് ആളൊഴിഞ്ഞ ആഢംബര വീടുകളുടെ വിവരങ്ങള് ഇതര സംസ്ഥാന മോഷണ സംഘങ്ങള് കൈമാറുന്ന സംഘങ്ങള് പ്രവര്ത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരം കൈമാറുന്ന സംഘങ്ങള്ക്കു തക്കതായ പ്രതിഫലവും ലഭിക്കുന്നുണ്ട്.
മാങ്ങാനത്തെ മോഷണത്തില് ഇവരുടെ സഹായം സംഘത്തിനു ലഭിച്ചിട്ടുണ്ട്. സ്കൈലൈന് പാം മെഡോസിലെ മൂന്നു വില്ലകളില് താമസക്കാരില്ല. ഇവിടെ മോഷണം നടത്താനാണ് കവര്ച്ചസംഘം എത്തിയത്. ഈ സമയം അന്നമ്മയും മകളും ആംബുലന്സില് ആശുപത്രിയില് പോകുന്നതു മോഷണ സംഘം കണ്ടതോടെയാണ് ഇവര് ഇവിടെ കയറി മോഷണം നടത്തിയത്.