വടക്കഞ്ചേരി: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യനിരക്കിലുള്ള യാത്രാ ആനുകൂല്യം ലഭിക്കുന്നത് സമൂഹത്തിലെ സമ്പന്നരുടെ മക്കള്‍ക്കു മാത്രം. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യമാണ് വ്യവസ്ഥകളുടെ മറവില്‍ സമ്പന്നവിഭാഗം തട്ടിയെടുക്കുന്നത്.ജൂണ്‍മാസം ആദ്യത്തിലാണ് ഇത്തരം സൗജ്യനിരക്കിലുള്ള യാത്രയ്ക്കായി വിദ്യാര്‍ഥികള്‍ വീടിനടുത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ അപേക്ഷ നല്‍കേണ്ടത്.
ജൂലൈ ഒടുവോടെ അപേക്ഷ നല്‍കേണ്ട സമയം അവസാനിക്കും. ഇത്തരം സൗജന്യ യാത്രാ സംവിധാനത്തെക്കുറിച്ചോ അപേക്ഷ നല്കേണ്ടതിനെക്കുറിച്ചോ കോര്‍പറേഷനോ അതത് കെഎസ്ആര്‍ടിസി ഡിപ്പോ അധികാരികളോ പ്രത്യേക അറിയിപ്പൊന്നും പൊതുജനങ്ങളുടെ അറിവിലേക്കായി നല്കാത്തതിനാല് ഇതിനെക്കുറിച്ച് അറിയുന്ന കുറച്ചുപേര്‍ മാത്രമാണ് വര്ഷാവര്ഷങ്ങളില് ഈ യാത്രാനുകൂല്യം നേടിയെടുക്കുന്നത്.
അപേക്ഷ നല്കിതുടങ്ങുന്ന ആദ്യദിവസങ്ങളില്‍ തന്നെ ഓരോ ഡിപ്പോകളിലും നിശ്ചിത ക്വാട്ട അപേക്ഷ വിതരണം പൂര്‍ത്തിയാകും. നൂറുമുതല്‍ ഇരുന്നൂറുവരെ സൗജന്യനിരക്കിലുള്ള പാസുകളാണ് ഓരോ ഡിപ്പോകളില്‍നിന്നും നല്‍കുന്നത്.ഡിപ്പോയുടെ വലിപ്പമനുസരിച്ചാണ് നല്കുന്ന പാസുകളുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ഒരു ഡിപ്പോയില്‍നിന്നും നാലു ഓര്‍ഡിനറി ബസുകളെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഇത്തരം പാസുകള്‍ നല്‍കുകയുള്ളൂ.
ഒരുമണിക്കൂറില്‍ രണ്ട് ഓര്‍ഡിനറി സര്‍വീസ് വച്ചുണ്ടാകണം.വടക്കഞ്ചേരി ഡിപ്പോയില്‍ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഓടുന്ന ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ഈ സൗജന്യനിരക്കിലുള്ള യാത്രാപാസ് അനുവദിക്കുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകളിലേക്ക് ഈ പാസ് നല്കാന് നിര്ദേശമില്ലത്രേ. ഒന്നാംക്ലാസ് മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്നുമാസത്തേക്ക് പത്തുരൂപ മാത്രം മതി.തുടര്‍ന്നുള്ള ഉപരിപഠന വിദ്യാര്‍ഥികള്‍ക്ക് ഏഴുരൂപ മിനിമം ചാര്‍ജുള്ള ദൂരത്തേക്ക് മൂന്നുമാസത്തേക്ക് 225 രൂപയാണ് നിരക്ക് വരുന്നത്.
നാല്പതുകിലോമീറ്റര് ദൂരത്തേക്കു മാത്രമാണ് ഇത്തരം പാസ് അനുവദിക്കുന്നത്. മൂന്നുമാസം കൂടുമ്പോള്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് പണമടച്ച് പുതുക്കണം. ജൂണ്‍ ആദ്യത്തില്‍ തന്നെ ഓരോ ഡിപ്പോകളിലും പാസ് നല്‍കുന്നതിന്റെ നിശ്ചിത ക്വാട്ട തീരുന്നതിനാല്‍ വൈകി ക്ലാസുകള്‍ ആരംഭിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്കോ മറ്റു സെമസ്റ്റര്‍ സംവിധാനം വഴി പഠിക്കുന്നവര്‍ക്കോ ആനുകൂല്യം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.