തിരുവനന്തപുരം: എല്ലാം ശരിയാക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിന് അധികാരം നല്‍കി ജനം യുഡിഎഫിനെ തൂത്തെറിഞ്ഞു. ഇതുവരെ ഇല്ലാതിരുന്ന താമരയും ഒടുവില്‍ സംസ്ഥാനത്ത് മൊട്ടിട്ടു. പൂഞ്ഞാറില്‍ ഇടതു-വലതു മുന്നണികള്‍ തഴഞ്ഞ പി.സി.ജോര്‍ജിനെ ജനം സ്വീകരിച്ചു. 27,821 വോട്ടിന്റെ വമ്പന്‍ ജയം സ്വന്തമാക്കി ജോര്‍ജ് ഏവരെയും അമ്പരിപ്പിച്ചു.
അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായെന്നാണ് ഫലം വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയില്‍ യുഡിഎഫ് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ ആലപ്പുഴ ജില്ലയും യുഡിഎഫിനെ കൈവിട്ടു. മന്ത്രിമാരായ കെ.ബാബു, കെ.പി.മോഹനന്‍, പി.കെ.ജയലക്ഷ്മി, ഷിബു ബേബി ജോണ്‍, സ്പീക്കര്‍ എന്‍.ശക്തന്‍. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ജോസഫ് വാഴയ്ക്കന്‍, കെ.സുധാകരന്‍ തുടങ്ങിയ പ്രമുഖരെല്ലാം തോറ്റു.
യുഡിഎഫിന്റെ കനത്ത തോല്‍വിക്കിടയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍. തുടങ്ങിയവര്‍ ജയിച്ചുകയറി. എല്‍ഡിഎഫിന്റെ പ്രമുഖരെല്ലാം മികച്ച വിജയം സ്വന്തമാക്കി. പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നീ പ്രമുഖര്‍ക്ക് പുറമേ വി.എസ്.സുനില്‍കുമാര്‍, സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, നടന്‍ മുകേഷ്, കെ.ബി.ഗണേഷ്കുമാര്‍, ഇ.പി.ജയരാജന്‍, സി.കെ.ശശീന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ ഇടത് സ്ഥാനാര്‍ഥികളും മികച്ച വിജയം സ്വന്തമാക്കി.
നേമത്ത് ആദ്യം മുതല്‍ ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തുകയായിരുന്നു. 8,671 വോട്ടിനാണ് എല്‍ഡിഎഫിലെ വി.ശിവന്‍കുട്ടിയെ രാജഗോപാല്‍ തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ള 13,860 വോട്ടുകള്‍ മാത്രമാണ് നേടിയത്.
കോവളത്ത് സിറ്റിംഗ് എംഎല്‍എ ജമീല പ്രകാശം കോണ്‍ഗ്രസിലെ എം വിന്‍സന്റിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. കനത്ത പോരാട്ടത്തിനൊടുവിലാണ് പീരുമേട്ടില്‍ ഇ.എസ്.ബിജിമോള്‍ വിജയിച്ചുകയറിയത്. ഭൂരിപക്ഷം 314 വോട്ട് മാത്രം. കുറ്റിയാടിയില്‍ സിറ്റിംഗ് എംഎല്‍എയും കെ.കെ.ലതിക തോറ്റു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയാണ് ലതിക.
ഉടുമ്പന്‍ചോലയില്‍ എം.എം.മണി 1,109 വോട്ടിന് ജയിച്ചുകയറി. കനത്ത ത്രികോണ പോരാട്ടത്തിനൊടുവിലാണ് വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ വിജയിച്ചത്. ഭൂരിപക്ഷം 7,622. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് 1,759 വോട്ടിന് മാത്രമാണ് പരാജയപ്പെട്ടത്. ഇവിടെ കനത്ത പോരാട്ടത്തില്‍ എല്‍ഡിഎഫിലെ ആര്‍.രാമചന്ദ്രന്‍ നായര്‍ വിജയിച്ചു കയറി. കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാറിനെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കൂടിയായ സി.കെ.ശശീന്ദ്രന്‍ 13,083 വോട്ടിന് തകര്‍ത്തു. മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി തോറ്റത് 1,307 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫിലെ ഒ.ആര്‍.കേളുവാണ് ഇവിടെ യുഡിഎഫിലെ ഏക വനിത മന്ത്രിയെ പരാജയപ്പെടുത്തിയത്.