കളമശേരി: കൊച്ചി കാന്‍സര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് കേരളപ്പിറവി ദിനത്തില്‍ ആരവങ്ങളില്ലാതെ ആരംഭം. ഒരു നെയിംബോര്‍ഡ് പോലുമില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒപി ബ്ലോക്കിലേക്ക് ആദ്യ ദിനത്തില്‍ പത്രവാര്ത്തയറിഞ്ഞെത്തിയതു നാലു രോഗികള്‍. ഔപചാരികമായ ഉദ്ഘാടനം 11ലേക്ക് മാറ്റിയെങ്കിലും കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനായതില്‍ സന്ദര്‍ശകരും ഇരുപതോളം ജീവനക്കാരും ലഡു വിതരണം നടത്തി സന്തോഷം പങ്കിട്ടു. പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശിയാണ് കൊച്ചി കാന്‍സര്‍ കേന്ദ്രത്തില്‍ ആദ്യ ചികിത്സ തേടിയത്. ഡോ. ഉഷശ്രീ വാര്യര്‍ ആദ്യ ചികിത്സ നല്കി ബൃഹത്ത് പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കമിട്ടു. ആദ്യദിനം ചികിത്സയ്ക്കായി എത്തിയത് രണ്ടു സ്ത്രീകളടക്കം നാലു പേരാണ്. രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെയാണ് ഒപി സമയം.
മാറമ്പിള്ളി സ്വദേശിയുടെ ആദ്യ രജിസ്ട്രേഷന് പുറമേ കോതമംഗലം, പത്തനംത്തിട്ട, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍ എത്തിയത്. ഒരാളൊഴികെ എല്ലാവരും തുടര്‍ ചികിത്സയ്ക്കാണ് എത്തിയത്. രോഗികള്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങളും കൂടുതല്‍ പരിശോധനയ്ക്ക് വേണ്ട നടപടിക്രമങ്ങളും മാത്രമാണ് ഡോ. ഉഷശ്രീ വാര്യര്‍ നല്‍കിയത്. ലാബ് പൂര്‍ണ സജ്ജമാകാത്തതിനാല്‍ ടെസ്റ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മരുന്ന് നല്‍കാനായി ഫാര്‍മസിയും പൂര്‍ണ സജ്ജമായിട്ടില്ല. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം 11 ലേക്ക് മാറ്റിയെങ്കിലും ചികിത്സ ലഭിക്കാന്‍ തടസമില്ലെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് എല്ലാവരുമെത്തിയത് . ഡോക്ടറുടെ സ്വന്തം നാടിനടുത്ത് കാണാന്‍ സാധിച്ചതിലും പലരും സന്തോഷം പ്രകടിപ്പിച്ചു.
ഏഴ് ഡോക്ടര്‍മാരടക്കം 31 തസ്തികകളാണ് കാന്‍സര്‍ കേന്ദത്തില്‍ ഉള്ളത്. അതില്‍ രണ്ടു ഡോക്ടര്‍മാരാണ് ഇതുവരെ കൊച്ചി കാന്‍സര്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ഡോക്ടര്‍മാര്‍ ഡെപ്യൂട്ടേഷനില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചേരും. ആര്‍സിസി സീനിയര്‍ ഡോ. ബാലഗോപാലന് മെഡിക്കല്‍ സൂപ്രണ്ട് സ്ഥാനം ഏറ്റെടുക്കും. ഏഴു നഴ്സുമാരുടെ തസ്തികയില്‍ അഞ്ച് പേരും മുന്നു ഫാര്‍മസി ജീവനക്കാരില്‍ രണ്ടു പേരും മുന്നു ലാബ് ജീവനക്കാരും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാബ് ജീവനക്കാര്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരാണ്. കൂടാതെ മുന്നു സോഷ്യല്‍ വര്‍ക്കര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
ഒരുക്കങ്ങള്‍ വിലയിരുത്താനായി കൃഷ്ണയ്യര്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ഇന്നു രാവിലെ 11.30 ന് ജസ്റ്റിസ് ഷംസുദീന്െറ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചു. കെ.ആര്. വിശ്വംഭരന് , ഡോ. സനല്‍കുമാര്‍ , മുന്‍ എംപി ചാള്‍സ് ഡയസ്, കുരുവിള മാത്യൂസ് തുടങ്ങിയവരാണെത്തിയത്. രോഗികള്‍ എത്തുമോയെന്ന് സംശയം പലരും പ്രകടിപ്പിച്ചെങ്കിലും നാലു പേര് രജിസ്റ്റര്‍ ചെയ്യപ്പെടുകയായിരുന്നു. കീമോതെറാപ്പി സൗകര്യം ഒരു മാസത്തിനുള്ളില്‍ തയാറാകുമെന്ന് ഡോ. ഉഷാ വാര്യര്‍ പറഞ്ഞു. ലാബ് സൗകര്യവും മരുന്നു വിതരണവും 11 ഓടെ സജ്ജമാകും. റേഡിയേഷന് സൗകര്യത്തിന് എറണാകുളം ജനറല്‍ ആശുപത്രിയുടെ സേവനമാണ് ഉപയോഗിക്കുക. മറ്റു സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും.
അടുത്ത ഘട്ടത്തിലാണ് കിടത്തി ചികിത്സാ സൗകര്യം ഉണ്ടാവുക. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പണി തീരാതെ കിടന്നിരുന്ന പേ വാര്‍ഡ് കെട്ടിടമാണ് ഓ പി ബ്ലോക്കാക്കി മാറ്റിയിരിക്കുന്നത്. ഒപിയുടെ മുഴുവന്‍ ഡോക്ടര്‍മാരും ജീവനക്കാരും ഔദ്യോഗിക ഉദ്ഘാടന ദിനമായ 11 മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നവംബര്‍ 11ന് നിര്‍വഹിക്കും. നവംബര്‍ 11 വെള്ളിയാഴ്ച 3.30 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.