കൊച്ചി: കൊച്ചി തുറമുഖത്തെ ലോകോത്തര നിലവാരത്തില്‍ നിലനിര്‍ത്തുന്നതിലും തുടര്‍ വികസനം ഉറപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. വല്ലാര്‍പാടത്ത് ഡിപി വേള്‍ഡിന്റെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്താനുണ്ട്. ടെര്‍മിനലില്‍ ഡിപി വേള്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ മികച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഗേറ്റ് വേ ടെര്‍മിനല്‍സ് ജനറല്‍ മാനേജര്‍മാരായ കൃഷ്ണകുമാര്‍, ഗിരീഷ് സി. മേനോന്, ജീമോന്‍ ജോസഫ്, രാജീവ് മേനോന് എന്നിവര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രിക്ക് വിവരിച്ചു നല്കി. എസ്. ശര്‍മ എംഎല്‍എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ 8.45 ഓടെ വല്ലാര്‍പാടത്ത് എത്തിയ മന്ത്രി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു.