കൊച്ചി മെട്രോ: ഫ്രഞ്ച് സംഘം സന്ദര്‍ശിച്ചു

EKM-METROകൊച്ചി: കൊച്ചി മെട്രോയ്ക്കു സാമ്പത്തിക സഹായം നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയുടെ മൂന്നംഗ പ്രതിനിധി സംഘം ഇന്നലെ കൊച്ചിയിലെത്തി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണു സംഘമെത്തിയത്. സാങ്കേതിക സഹകരണം സംബന്ധിച്ചു കൊച്ചി മെട്രോ റെയില്‍ അധികൃതരുമായി ഇന്നു വിശദമായ ചര്‍ച്ചനടത്തും. കൊച്ചി മെട്രോ റെയില്‍ ആസ്ഥാനത്ത് ആദ്യവട്ട ചര്‍ച്ചകളും അവര്‍ നടത്തി. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഫ്രഞ്ച് സംഘം തൃപ്തി അറിയിച്ചതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

എഎഫ്ഡിയുടെ ദക്ഷിണ ഏഷ്യാ റീജണല്‍ ഡയറക്ടര്‍ നിക്കോളാസ് ഫൊറൈന്‍, പ്രോജക്ട് ഓഫീസര്‍ ഷീക് ദിയ, ഡല്‍ഹിയിലെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജൂലിയറ്റ് ലെ പന്നെയര്‍ എന്നിവരാണ് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയത്. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയാണു സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. കൊച്ചി മെട്രോയുടെ ആദ്യഘട്ടം നിര്‍മാണത്തിനായി 1,520 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് എഎഫ്ഡി നല്‍കുന്നത്. കൊച്ചി മെട്രോയുടെ ഫേസ് രണ്ടില്‍ കാക്കനാട്ടേക്കുള്ള വിപുലീകരണത്തിനുകൂടി സാമ്പത്തിക സഹായം നല്‍കാനുള്ള സന്നദ്ധത ഫ്രഞ്ച് ഏജന്‍സി അറിയിച്ചു.

ഇന്നലെ രാവിലെ ആലുവ മുട്ടത്തുനിന്നുമാണു സംഘം പദ്ധതി പ്രദേശത്തെ സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് അവര്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള മെട്രോ കോറിഡോറിലെ നിര്‍മാണ പുരോഗതിയും വിലയിരുത്തി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ നീളുന്ന രണ്ടാം ഘട്ടത്തിന്റെ നിര്‍ദിഷ്ട പാത കടന്നുപോകാനായി കണെ്ടത്തിയിരിക്കുന്ന ഇടങ്ങളിലും സംഘം പരിശോധന നടത്തി. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി സംയോജിത ഗതാഗത പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തില്‍ വൈറ്റില മൊബിലിറ്റി ഹബ് അടക്കമുള്ള ഇടങ്ങളിലും സംഘം സന്ദര്‍ശിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് കെഎംആര്‍എല്‍ ആസ്ഥാനത്ത് എംഡി ഏലിയാസ് ജോര്‍ജ് അടക്കമുള്ളവരുമായി ആദ്യവട്ട ചര്‍ച്ചകള്‍ സംഘം നടത്തി. മെട്രോ നിര്‍മാണത്തിന്റെ പുരോഗതി, കാക്കനാട്ടേക്കുള്ള നീട്ടല്‍ അടക്കമുള്ള കാര്യങ്ങളാണു ചര്‍ച്ചയില്‍ വിഷയമായത്. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണവും നഗര ഗതാഗതം മെച്ചപ്പെടുത്താനുള്ള മറ്റു പദ്ധതികള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങളാവും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകുക.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിനു 5,181 കോടി രൂപയാണ് ചെലവിടുന്നത്. ഫ്രഞ്ച് ഏജന്‍സിയുടെ സഹായം കൂടാതെ 1,170 കോടി രൂപയാണ് കാനറ ബാങ്കില്‍നിന്നുവായ്പയെടുത്തത്. ശേഷിക്കുന്ന തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കുന്നു. കാക്കനാട്ടേക്കുള്ള വിപുലീകരണത്തിനു മാത്രം 2,200 കോടി രൂപയാണ് വേണ്ടി വരിക. എന്നാല്‍ എത്ര പണമാണ് കാക്കനാട് വിപുലീകരണത്തിനു നല്‍കുന്നത് എന്നതടക്കമുള്ള കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു മടങ്ങും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് എഎഫ്ഡി സംഘം ഇതിനുമുന്‍പ് കൊച്ചിയില്‍ എത്തിയത്.

Related posts