കൊട്ടാരക്കര: വേനല്‍ ചൂടിന്റെ അതി കാഠിന്യം ജനജീവിതം ദുസഹമാക്കി. കൊടുചൂടില്‍ വെന്തുരുകയാണ് കിഴക്കന്‍ മേഖല. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഓരോ ദിവസവും വേനല്‍ ചൂട് അതി കഠിനമാവുകയാണ്. സൂര്യാഘാതവും , വേനല്‍ രോഗങ്ങളും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം ദിനം പ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ള സ്രോതസുകള്‍ എല്ലാം വറ്റി വരളുകയും , മലീമസമാകുകയുമാണ്. ഗ്രാമീണ മേഖലയിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ ഒന്നും പ്രവര്‍ത്തനക്ഷമമല്ല. വന്‍കിട കുടിവെള്ളപദ്ധതികളും കടുത്ത ക്ഷാമം നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കല്ലടപദ്ധതിയുടെ ഉപകനാലുകള്‍ വഴി രണ്ടാഴ്ചമുമ്പ് വെള്ളം തുറന്നു വിട്ടിരുന്നു.
ദിവസങ്ങള്‍ക്കകം മുന്നറിയിപ്പില്ലാതെ അടച്ചിടുകയും ചെയ്തു. ഉപകനാലുകള്‍ വഴി വെള്ളം വറ്റിയപ്പോള്‍ ലഭിച്ചിരുന്ന ആശ്വാസത്തിന് ഇതോടെ അറുതിയായി. കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളമെത്തിക്കുന്നതിന് എല്ലാ മേഖലകളിലും ജനകീയ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുണ്ടറ പദ്ധതിയുടേയും , ജപ്പാന് കുടിവെള്ളപദ്ധതിയുടേയും, കല്ലട പദ്ധതിയുടെയും ഓഫീസുകള്‍ക്ക് മുന്നിലും ജല വിഭവ വകുപ്പിന്റെ ഓഫീസുകള്‍ക്കു മുന്നിലും നിരന്തരം സമരങ്ങള്‍ നടന്നു വരികയാണ്. ജനപ്രതിനിധികള്‍ സംഘടിതമായി ജനപ്രതിനിധികളും, നാട്ടുകാരും ചേര്‍ന്നതാണ് മിക്ക സമരങ്ങളും. സമരങ്ങള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ ചില ഉറപ്പുകള്‍ നല്കി സമരം അവസാനിപ്പിക്കുമെങ്കിലും ഈ ഉറപ്പുകള്‍ ഒന്നും പിന്നീട് പാലിക്കാറില്ല. കിഴക്കന്‍ മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതി കുണ്ടറ പദ്ധതിയാണ്.
കല്ലടയാറ്റില്‍ നിന്നും ജലം ശേഖരിച്ച് ഇളമ്പല്‍ മുതല്‍ കുണ്ടറ വരെയുള്ള പ്രദേശങ്ങളില്‍ ജല വിതരണം നടത്തുകയാണ് പദ്ധതി. ജലക്ഷാമം രൂക്ഷമായിട്ടും പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമല്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോഴത്തെ പമ്പിംഗ് നടന്നു വരുന്നത്.ചില മേഖലകളില്‍ ഇത് നടക്കുന്നില്ല. ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം ലഭിക്കാന്‍ രണ്ടു വര്‍ഷത്തിലധികമായി പണം അടച്ച് കാത്തിരിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളാണ് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ മാത്രമുള്ളത്. പൊതു ടാപ്പുകള്‍ വഴി പോലും ഇവിടെ ജലവിതരണം നടക്കുന്നില്ല. റോഡു നിര്‍മ്മാണത്തിനിടെ മുറിച്ചു മാറ്റിയ ജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ പോലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ അധികൃതര്‍ തയാറായില്ല. കുളക്കട,പവിത്രേശ്വരം കുടിവെള്ളപദ്ധതിയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കല്ലടയാറ്റില്‍ നിന്ന് ജലം ശേഖരിച്ച് കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതി അടുത്ത യുഡിഎഫ് ഗവണ്മെന്റിന്റെ കാലാവധി കഴിഞ്ഞിട്ടും കമ്മീഷന് ചെയ്തിട്ടില്ല. പവിത്രേശ്വരം പഞ്ചായത്തില്‍ മാത്രമാണ് ഭാഗികമായി വെള്ളം ലഭിക്കുന്നത്. കുളക്കടയില്‍ പൈപ്പ് ഇടുന്ന ജോലികള്‍ പോലും ആരംഭിച്ചിട്ടില്ല. പാറഖനനവും, മണ്ണ് ഖനനവും കാരണം ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ എല്ലാം നഷ്ടമായിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണവും ഇതു തന്നെ. എന്നിട്ടും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബാധം അനുമതി നല്‍കുകയാണ് അധികൃതര്‍.
പൊതുകിണറുകളും, കുളങ്ങളും, ചിറകളും വേനലിനുമുമ്പായി വൃത്തിയാക്കുന്ന ജോലികള്‍ കഴിഞ്ഞ കുറെകാലങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു തുടങ്ങുകയില്ല. ഇതുമൂലം കെട്ടികിടക്കുന്ന വെള്ളമെല്ലാം മലീമസമായിട്ടുണ്ട്. ഇവ ശൂദ്ധീകരിക്കുന്ന ജോലികളും പഞ്ചായത്തുകളും, ആരോഗ്യവകുപ്പും ആരംഭിച്ചിട്ടില്ല. ഇതിന്റെ സംഘാടകയോഗങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സംഘാടക യോഗങ്ങള്‍ നടന്നു കഴിയുമ്പോഴേക്കും വേനല്‍ രോഗങ്ങള്‍ വ്യാപിക്കുമെന്നാണ് ജനാഭിപ്രായം. കുടിവെള്ളത്തിനായി കോടികള്‍ ഒഴുക്കുകയാണ്. പക്ഷേ കുടിക്കാന്‍ വെള്ളമില്ലെന്നാണ് യാഥാര്‍ത്ഥ്യം.