കോടികളുടെ തട്ടിപ്പ്: കുറിക്കമ്പനി ഉടമകളെ തേടി പോലീസ് അന്വേഷണം തുടങ്ങി

KNR-RUPEESതൃപ്രയാര്‍: നിക്ഷേപത്തുകയായ കോടികള്‍ നല്കാമെന്നു പറഞ്ഞ് ഇടപാടുകാരെ വിളിച്ചുവരുത്തി ഉടമകള്‍ മുങ്ങിയ കുറിക്കമ്പനി വലപ്പാട് പോലീസ് പൂട്ടി മുദ്രവച്ചു. ഉടമകള്‍ക്കെതിരേ കേസെടുക്കുകയും ഇവരെതേടി അന്വേഷ ണം ഊര്‍ജിതമാക്കുകയും ചെയ്തു.  നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് ട്രേഡ് ലിങ്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തൃപ്രയാറിലെ മെയിന്‍ ബ്രാഞ്ചാണ് പോലീസ് പൂട്ടിയത്. കമ്പനിയുടെ എംഡി ടി.എ. തോമസ്, ചെയര്‍മാന്‍ കെ.എസ്. മനോജ്, മുന്‍ ഡയറക്ടര്‍ സജീവ് എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്. കുറി കിട്ടിയ പണം കമ്പനിയില്‍തന്നെ നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതനുസരിച്ച് കമ്പനിയില്‍ പണം നിക്ഷേപിച്ചവരാണ് കബളിപ്പിക്കപ്പെട്ടത്.

നിക്ഷേപമായി സ്വീകരിച്ച രണ്ടുകോടിയോളം രൂപ തിരികേ നല്കാമെന്നു പറഞ്ഞതനുസരിച്ചാണ് ഇന്നലെ ഇടപാടുകാര്‍ കുറിക്കമ്പനിയില്‍ എത്തിയത്. എന്നാല്‍ ഇടപാടുകാര്‍ എത്തിയപ്പോള്‍ ഉടമകള്‍ ഉണ്ടായിരുന്നില്ല. ഫോണിലും ഉടമകളുമായി ബന്ധപ്പെടാനായില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വലപ്പാട് പോലീസെത്തി കമ്പനി പൂട്ടിക്കുകയായിരുന്നു.     ചെന്ത്രാപ്പിന്നി, ചിറയ്ക്കല്‍, വാടാനപ്പിള്ളി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറു ബ്രാഞ്ചുകള്‍ ഈ കമ്പനിക്കുണ്ട്. കമ്പനി അടച്ചുപൂട്ടിയതോടെ മറ്റു ബ്രാഞ്ചുകളില്‍നിന്ന് ഇടപാടുകാര്‍ ഇന്നലെ വലപ്പാട് പോലീസില്‍ പരാതി നല്കാനെത്തി. ഇന്നും നിരവധി നിക്ഷേപകരാണ്  ഉടമകള്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്.

എന്നാല്‍ അതാതു ബ്രാഞ്ചുകള്‍ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കണമെന്നു നിര്‍ദേശിച്ചു പോലീസ് ഇവരെ മടക്കി അയക്കുന്നുണ്ട്. മൊത്തം 35 ലക്ഷം രൂപ നല്‍കാനുണ്ടെന്നു കാണിച്ച് 12 പേര്‍ നേരത്തെ കുറിക്കമ്പനിക്കെതിരേ പരാതി നല്കിയിരുന്നു.

Related posts