കോട്ടയം ജില്ലയില്‍ വേഗപ്പൂട്ട് പരിശോധന നിലച്ചു; സ്വകാര്യ ബസുകള്‍ വീണ്ടും അമിതവേഗത്തില്‍

ktm-vegaputtuകോട്ടയം: ജില്ലയില്‍ വേഗപ്പൂട്ട് പരിശോധന നിലച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് വീണ്ടും അമിത വേഗം. കോട്ടയം- എറണാകുളം, കോട്ടയം- പാലാ, കോട്ടയം- കുമളി തുടങ്ങിയ റൂട്ടുകളില്‍ സകല നിയന്ത്രണവും തെറ്റിച്ച് അമിത വേഗതയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെയാണ് സ്വകാര്യ ബസുകള്‍ പായുന്നത്.

ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയും ഒട്ടും പിന്നിലല്ല. നിലവില്‍ സ്കൂള്‍ ബസുകള്‍ മാത്രമാണ് വേഗപ്പൂട്ട് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ച് സര്‍വീസ് നടത്തുന്നത്. ഫിറ്റ്‌നസ് പരിശോധയ്ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ എത്തുന്ന സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് ഉണ്ടെങ്കിലും പരിശോധന കഴിഞ്ഞാല്‍ വേഗപ്പൂട്ടിന്റെ കണക്ഷന്‍ വിഛേദിക്കുകയാണ് പതിവ്. പരിശോധനയ്ക്കായി സ്വകാര്യ വാഹനങ്ങളില്‍ ഘടിപ്പിക്കാനായി വാടകയ്ക്ക് വേഗപ്പൂട്ട് കൊടുക്കുന്ന കടകളും ജില്ലയിലുണ്ട്.

കെഎസ്ആര്‍ടിസി ബസുകളില്‍പോലും വേഗപ്പൂട്ട് പ്രവര്‍ത്തന രഹിതമാണ്. ചില ബസുകളില്‍ വേഗപ്പൂട്ടേയില്ല. ഇങ്ങനെ വേഗപ്പൂട്ടില്ലാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts