കോതമംഗലവും എംഎ കോളജും കാത്തിരിക്കുന്നു; അനില്‍ഡയുടെയും ഗോപിയുടെയും കുതിപ്പിനായി

ekm-olympicsകോതമംഗലം: അങ്ങകലെ റിയോയില്‍ ഒളിമ്പിക്‌സ് അരങ്ങേറുമ്പോള്‍ അഭിമാനത്തിന്റെ സുവര്‍ണനിമിഷത്തിന് കാതോര്‍ത്തിരിക്കുകയാണ് കോതമംഗലവും എംഎ കോളജും. എംഎ കോളജിന്റെ ട്രാക്കില്‍ നിന്ന് ഉദയം ചെയ്ത അനില്‍ഡ തോമസും ടി.ഗോപിയും രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഒളിമ്പിക്‌സില്‍ അംഗങ്ങളാണ്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് അനില്‍ഡ ഏറ്റവും മികച്ച ഓട്ടക്കാരിയായി. 2013-ല്‍ മോസ്‌കോ വേള്‍ഡ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലും പൂനെയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് മിഡ്ഫീല്‍ഡ് അത്‌ലറ്റിക്‌സിലും മികച്ച നേട്ടം കൈവരിച്ച ഇന്റര്‍നാഷണല്‍ താരമാണ് അനില്‍ഡ തോമസ്.

4 ഃ400 മീറ്റര്‍ റിലേയിലാണ് ഒളിമ്പിക്‌സില്‍ അനില്‍ഡ തോമസ് മത്സരിക്കുന്നത്. ഏതൊരു കായികതാരത്തിന്റെയും സ്വപ്‌നവും ലക്ഷ്യവുമാണ് ഒളിമ്പിക്‌സ്. അതില്‍ പങ്കാളിയാകാന്‍ അനില്‍ഡക്ക് കഴിഞ്ഞു എന്നതു തന്നെ മോഹങ്ങള്‍ക്കെല്ലാം മീതെയാണ്. വടാട്ടുപാറയെന്ന മലയോര ഗ്രാമത്തില്‍ നിന്നു റിയോ വരെയെത്തിയിരിക്കുകയാണ് അനില്‍ഡയുടെ ട്രാക്ക്. ചിറ്റായത്ത് സി.പി.തോമസ്ജാന്‍സി ദമ്പതികളുടെ മകളാണ് അനില്‍ഡ. ഇതുവരെ പങ്കെടുത്ത എല്ലാമീറ്റുകളിലും മെഡല്‍ നേട്ടവുമായാണ് അനില്‍ഡ മടങ്ങിയിട്ടുള്ളത്. നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ അനില്‍ഡ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു.തലനാരിഴ വ്യത്യാസത്തിനാണ് അനില്‍ഡക്ക് ആ മോഹം കയ്യൊഴിയേണ്ടിവന്നത്.

പരിശീലകരായ സിബി സ്റ്റീഫനും ജയകുമാറും തിരിച്ചറിഞ്ഞതാണ് അനില്‍ഡയുടേയും കോതമംഗലത്തിന്റെയും കായിക ചരിത്രത്തിലെ വഴിത്തിരിവായത്. അഞ്ചാം ക്ലാസില്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നതോടെയാണ് ഒളിമ്പിക്‌സോളം വളര്‍ന്ന അനില്‍ഡയുടെ കായികജീവിതം ആരംഭിക്കുന്നത്. പിന്നീട് വടാട്ടുപാറ പൊയ്ക സ്കൂള്‍,കോരുത്തോട് സി.കേശവന്‍ മെമ്മോറിയല്‍ സ്കൂള്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ എന്നിവിടങ്ങളിലൂടെ അനില്‍ഡ കായിക സ്വപ്‌നങ്ങള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു.എംഎ കോളജില്‍ എത്തിയതോടെ കായിക കുതിപ്പിന് ആക്കം കൂടി. കോളജിലെ മികച്ച സൗകര്യവും പരിശീലന വും കൂടിയായപ്പോള്‍ യൂണിവേഴ്‌സിറ്റി തലത്തിലും മറ്റ് ദേശീയ അന്തര്‍ദേശീയ മീറ്റുകളിലും അനില്‍ഡ വെന്നിക്കൊടി പാറിച്ചു.

ഈ കുതിപ്പാണ് ഇപ്പോള്‍ ബ്രസീലിലെ റിയോഡി ഷാനെറോയിലെ ഒളിമ്പിക്‌സില്‍ എത്തിയിരിക്കുന്നത്. അന്തര്‍ദ്ദേശീയ തലത്തില്‍ ആദ്യമായി കരുത്ത് പ്രകടപ്പിക്കാന്‍ അവസരം ലഭിച്ച കായികതാരമാണ് ടി.ഗോപി. ദേശീയതലത്തില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ 5000 മീറ്റര്‍ ഓട്ടത്തിന് പോണ്ടിച്ചേരിയില്‍ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍ അത്‌ലക്‌സില്‍ വെള്ളി മെഡല്‍ ജേതാവാണ്. സൗത്ത് ഇന്ത്യ ഇന്റര്‍ കോളിജിയേറ്റ് അത്‌ലറ്റിക് മീറ്റില്‍ 10000 മീ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ എംജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി മത്സരം, സൗത്ത് ഇന്ത്യ ഇന്റര്‍ കോളിജിയേറ്റ് മത്സരത്തില്‍ 20 കിലോമീറ്റര്‍  റോഡ് റെയ്‌സ്, ഇന്റര്‍ ക്ലബ് ആന്‍ഡ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 5000 മീറ്റര്‍, 10000 മീറ്റര്‍ എന്നീ വിഭാഗങ്ങളിലും വെള്ളിമെഡല്‍ ഗോപി നേടിയിട്ടുണ്ട്.

അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും കോളജിലെ മുന്‍ കോച്ചുമായ പ്രഫ.പി.ഐ ബാബുവിന്റെ ശിക്ഷണത്തിലാണ് ഗോപി ഉയരങ്ങള്‍ കീഴടക്കി ഒളിമ്പിക്‌സില്‍ എത്തി നില്‍ക്കുന്നത്. 110 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാനപോരാട്ടത്തില്‍ പങ്കാളിയാകാനുള്ള നിയോഗമാണ് അനില്‍ഡക്കും ഗോപിക്കും വന്നു ചേര്‍ന്നിരിക്കുന്നത്.വിശ്വകായിക മേളയില്‍ ഇവരുടെ മെഡലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ കാത്തിരിക്കുകയാണ് കോതമംഗലം.

Related posts