സ്വന്തം ലേഖകന്‍
തൃശൂര്‍: കരിങ്കല്‍ ക്വാറിക്ക് അനുമതി നല്കാന് കൈക്കൂലിയായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയില്‍ രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് ആരോപിച്ചുള്ള കേസില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറെ മൂന്നു വര്‍ഷത്തെ കഠിനതടവിനും നാലു ലക്ഷം രൂപ പിഴയടയ്ക്കാനും സിബിഐ കോടതി ശിക്ഷിച്ചു. തൃശൂരിലെ എന്‍ജിനിയറായിരുന്ന കണ്ണൂര്‍ സ്വദേശിയും പാലക്കാട് താമസക്കാരനുമായ എ.കെ. സുരേന്ദ്രനെയാണു കൊച്ചിയിലെ സിബിഐ സ്പെഷല്‍ കോടതി ജഡ്ജിയും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ എസ്. സന്തോഷ്കുമാര്‍ ശിക്ഷിച്ചത്.
2005 മേയ് 28 നാണു കേസിനാസ്പദമായ സംഭവം. കുന്നംകുളം പെരുമ്പിലാവിനടുത്ത ഒറ്റപ്ലാവില് കാനന്‍ ഗ്രാനൈറ്റ്സിന്റെ ഉടമ സൈമണ്‍ കെ. ഫ്രാന്‍സിസിന്റെ പരാതിയനുസരിച്ചാണു കേസ് രജിസ്റ്റര്‍ ചെയതത്. അഴിമതിക്കേസിലെ പ്രതിയെ പത്തു വര്‍ഷം മുമ്പുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംരക്ഷണത്തില്‍നിന്നു നിയമത്തിനു മുന്നിലെത്തിക്കാന്‍ സുപ്രീം കോടതിയടക്കം പല കോടതികളിലായി നടന്ന നിയമയുദ്ധം ഏറെ ചര്‍ച്ചയായിരുന്നു.
നീതി ലഭിക്കാന്‍ സര്‍ക്കാരിനെതിരേ നടത്തിയ രണ്ടു ഡസനോളം കേസുകളിലും പരാതിക്കാരന് വിജയം നേടിയിരുന്നു. ആദ്യം കേസ് ഏറ്റെടുത്തതു സംസ്ഥാന പോലീസിന്റെ വിജിലന്‍സ് വിഭാഗമായിരുന്നു. അവര്‍ കേസ് ഒതുക്കിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരാതിക്കാരന് ഹൈക്കോതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിബിഐ അന്വേഷണത്തിനു രണ്ടു സിംഗിള്‍ ബഞ്ചും രണ്ടു ഡിവിഷന് ബഞ്ചും വിധിച്ചു. 2006ലാണു സിബിഐ ഈ കോഴക്കേസ് ഏറ്റെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ കോണ്‍സല്‍ അഡ്വ. ബിജി ബാബു ഹാജരായി.