ക്ഷേത്ര പരിസരത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നത് വിലക്കി

klm-kinarകൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര പരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറന്ന കിണറുകളില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്.ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വീടുകള്‍ സന്ദര്‍ശിച്ച് ഇന്നലെ മുന്നറിയിപ്പ് നല്‍കി. വെളളം രാസപരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക ബോട്ടിലില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളം ശേഖരിക്കും. ഡിഎംഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജല അതോറിറ്റി ഇടവിടങ്ങളില്‍ കുടിവെള്ളമെത്തിക്കും. ഭവന സന്ദര്‍ശനം നടത്തിയ സംഘത്തില്‍പ്പെട്ട മനോരോഗ വിദഗ്ധര്‍ വെടിക്കെട്ട് ദുരന്തത്തില്‍ നടുക്കമുണ്ടായ 11 പേര്‍ക്ക് കൗണ്‍സിലിംഗിലൂടെ സ്വാന്തനമേകി.

നാശമുണ്ടായ 264 വീടുകളില്‍ അപകടത്തില്‍ പരിക്കേറ്റ 37 പേരുണ്ട്. ചെറിയ പരുക്കുള്ള 17 പേരെ സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ കണെ്ടത്തി. അവര്‍ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തവരാണ്. 20 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.കലയ്‌ക്കോട് ബ്ലോക്ക് സിഎച്ച്‌സിയുടെ പരിധിയിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പി എച്ച് നഴ്‌സ്, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട 120 പേര്‍ 19 ടീമുകളായാണ് 568 ഭവനങ്ങള്‍ സന്ദര്‍ശിച്ചത്.

അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ ജഗദീഷ്, ഡോ മീനാക്ഷി, ഡിഎംഒ ഡോ. വി.വി.ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.ജയശങ്കര്‍, ഡോ സന്ധ്യ, ജില്ലാ മാനസികാരോഗ്യ സംഘത്തിലെ ഡോ. രമേഷ്, കലയ്‌ക്കോട് സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ സാനി എം. സോമന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ വിനോദ്, രാമചന്ദ്രന്‍, രവീന്ദ്രന്‍പിള്ള, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റജി തോമസ് തുടങ്ങിയവര്‍ സംഘത്തിന് നേതൃത്വം നല്‍കി.

Related posts