ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ വന്‍ വിവാഹത്തിരക്കനുഭവപ്പെട്ടു. 203 വിവാഹങ്ങളാണ് ഞായറാഴ്ച ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നത്. 677 ചോറൂണ് വഴിപാടുകളും നടന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ വിവാഹത്തിരക്ക് ഞായറാഴ്ച ഉച്ചവരെ നീണ്ടു. പുര്‍ച്ച മുതല്‍ തുടങ്ങിയ മുഹൂര്‍ത്തം ഉച്ചവരെ നീണ്ടു. കിഴക്കെ നടപന്തലില്‍ ഭക്തര്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധമായിരുന്നു തിരക്ക്. വധൂവരന്മാര്ക്ക് വിവാഹ മണ്ഡപത്തിലേക്കെത്താനും നന്നെ ബുദ്ധിമുട്ടനുഭവപ്പെട്ടു.
പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിറഞ്ഞതോടെ വിവാഹത്തെനിത്തയവരുടേയും ദര്ശനത്തിനെത്തയവരുടേയും വാഹനങ്ങള്‍ ഗുരുവായൂരിലെ റോഡുകളില്‍ പാര്‍ക്ക് ചെയ്തതോടെ ക്ഷേത്ര നഗരം ഗതാഗതകുരുക്കിലായി. ആറു മണിക്കൂര്‍ നേരമാണ് ഗുരുവായൂര്‍ ഗതാഗത കുരുക്കില്‍പെട്ടത്. പടിഞ്ഞാറെ നട, മമ്മിയൂര്‍ കിഴക്കേനട എന്നിവിടങ്ങളില്‍ ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ കടന്നു പേകാനാവാതെ ഏറെനേരം കുടുങ്ങി കിടന്നു.
കിഴക്കെനടയില്‍ നിന്ന് പടിഞ്ഞാറെ നടയിലെത്താന്‍ ഒരുമണിക്കൂറോളം വേണ്ടിവന്നു. ഇതിനിടെ ട്രെയിന്‍ കടന്നു പോകുന്നതിനായി ഇടക്കിടെ റെയില്‍വെ ഗേറ്റ് അടച്ചതോടെ വാഹന കുരുക്ക് പാരമ്യതയിലെത്തി. വാഹനങ്ങള്‍ ഒരുവശത്തേക്കും കടന്നു പോകാനാവാതെ ജനം വലഞ്ഞു. അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും ഗതാഗതകുരുക്ക് രൂക്ഷമാക്കി. ടെമ്പിള്‍ പോലീസിന്റെ നേതൃത്വത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഗതാഗത കുരുക്ക് നിയന്ത്രിച്ചത്.