ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം: പോലീസ് ഇരുട്ടില്‍ തപ്പുന്നു

TVM-CRIMEPOLICEപേരൂര്‍ക്കട: ലക്ഷങ്ങളുടെ കടബാദ്ധ്യതമൂലം ഗൃഹനാഥന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കുടപ്പനക്കുന്ന് ചെട്ടിവിളാകം ദുര്‍ഗ്ഗാനഗര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (57) ആണ് കഴിഞ്ഞ 12-ാം തീയതി മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. അമ്പലമുക്ക് കൊക്കോട് ലെയിന്‍ സ്വദേശി കെ.ആര്‍.പി പിള്ള ശ്രീകുമാറിന് 32 ലക്ഷത്തിലേറെ തുക നല്‍കാനുണ്ടെന്നും കഴിഞ്ഞ 3 വര്‍ഷമായി ശ്രീകുമാര്‍ ഈ പണം വാങ്ങിയെടുക്കുന്നതിന് ശ്രമിച്ചുവരികയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.

പണം ലഭിക്കാത്തതില്‍ മനംനൊന്ത് പിള്ളയുടെ വീടിനുമുന്നില്‍ ശ്രീകുമാര്‍ ആത്മഹത്യക്കു ശ്രമിക്കുകയും ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്കു പോകുന്നുവെന്നു പറഞ്ഞ് സ്വന്തം വീട്ടില്‍നിന്നിറങ്ങിയ പിള്ളയെ പിന്നീട് ആരും കണ്ടിട്ടില്ല. ഇയാളുടെ മൊബൈല്‍ഫോണ്‍ ഇപ്പോള്‍ സ്വിച്ച്ഓഫ് ആണ്. അമ്പലമുക്കിലെ ഇയാളുടെ വീട് പൂട്ടിക്കിടക്കുന്നു. ശ്രീകുമാറിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിള്ളയ്‌ക്കെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പേരൂര്‍ക്കട സി.ഐ പങ്കജാക്ഷന്‍ അറിയിച്ചു.

Related posts