പറവൂര്‍: ദേശീയപാത 17 ല്‍ വാഹനത്തിരക്കുള്ളതിനാല്‍ ടിപ്പര്‍ ലോറികള്‍ ഗോതുരുത്ത് – വടക്കുംപുറം വഴി മരണപ്പാച്ചില്‍ നടത്തുന്നതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ ഗോതുരുത്ത് റോയല്‍ ഹട്ട്സ് ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറി, കാറുമായി കൂട്ടിയിടിച്ച് എറിയാട് സ്വദേശി പടിയത്ത് കര്‍ക്കിടക വള്ളിയില്‍ നൗഷാദിന്റെ ജീവനാണ് പൊലിഞ്ഞത്. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന മുജീബ് റഹ്മാന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശീയപാതയില്‍ വാഹനത്തിരക്കുമൂലം എപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയും ബ്ലോക്കും പതിവാണ്. കൊടുങ്ങല്ലൂര്‍, എറണാകുളം, ആലുവ ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങളാണ് ഗോതുരുത്ത് വഴി കടന്നുപോകുന്നത്. ഒട്ടേറെ ടിപ്പര്‍ ലോറികളും മിനി ലോറികളും മറ്റും വാഹനങ്ങളും ഇതിലൂടെ പോകുന്നതും ഗ്രാമത്തിലെ യാത്രക്കാര്‍ക്ക് പേടി സ്വപ്നമായിട്ടുണ്ട്. അമിത വേഗതത്തിലാണ് ടിപ്പറുകള്‍ പായുന്നത്.
സ്കൂള്‍ സമയം ഓട്ടം തടഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് യാത്ര. ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസിനെ പലപ്പോഴും വഴിയില്‍ കാണാറില്ല. നിരവധി സ്കൂളുകളും ഈ മേഖലയിലുണ്ട്. അമിത വേഗം നിയന്ത്രിക്കാനും നിയന്ത്രണ സമയത്തെ ടിപ്പറുകളുടെ ഓട്ടം തടയാനും നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് കെഎല്‍സിഎ, കെസിവൈഎം തുടങ്ങിയ സംഘനടകള്‍ ആവശ്യപ്പെട്ടു.