ഗോവയില്‍ കേരളോത്സവം

sp-blasterswinമഡ്ഗാവ്: ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ഗോവന്‍ കാര്‍ണിവല്‍ പ്രതീക്ഷിച്ചെത്തിയവര്‍ക്കു മുന്നില്‍ കേരളോത്സവം നടത്തി ബ്ലാസ്‌റ്റേഴ്‌സ്. സീക്കോയുടെ കുട്ടികളുടെ ചിറകരിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സിനു തകര്‍പ്പന്‍ വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകര്‍ത്തു. ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം മുഹമ്മദ് റാഫിയും (46) കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടുമാണ്(84) ഗോളുകള്‍ നേടിയത്. ഗോവയുടെ ഏക ഗോള്‍ ബ്രസീലിയന്‍ താരം ജൂലിയോ സെസാര്‍ നേടി. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ എട്ടു പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

സീസണില്‍ ഒരു ജയം മാത്രം സ്വന്തമായുള്ള ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ കരുതലോടെയായിരുന്നു ഇരു സംഘവും തുടങ്ങിയത്. ഗോവന്‍ പ്രതിരോധത്തെ ഉലച്ച് ബെല്‍ഫോര്‍ട്ടിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി. പത്താം മിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്ന് പന്തുമായി ഒറ്റയ്ക്കു മുന്നേറിയ ബെല്‍ഫോര്‍ട്ട് മൂന്നു ഗോവന്‍ പ്രതിരോധനിരക്കാരെ മറികടന്നു ബോക്‌സിനു മുന്നില്‍നിന്ന് എടുത്ത ഷോട്ട് ഗോവന്‍ ഗോളി സുഭാഷിഷ് റോയ് ചൗധരി അനായാസം കൈപ്പിടിയിലൊതുക്കി. പിന്നീട് തുടര്‍ച്ചയായി മുന്നു മുന്നേറ്റങ്ങള്‍ മഞ്ഞപ്പട നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല.

കേരളമാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതെങ്കിലും ആദ്യ ഗോള്‍ നേടിയത് ഗോവയായിരുന്നു. 24–ാം മിനിറ്റില്‍ ബ്രസീലിയന്‍ മുന്നേറ്റനിര താരം ജൂലിയോ സെസാര്‍ ഹെഡ്ഡറിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. റിച്ചാര്‍ലിസണ്‍ നല്‍കിയ ക്രോസില്‍ ഉയര്‍ന്നുവന്ന പന്ത് ജൂലിയോ സെസാര്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോവന്‍ പ്രതിരോധം കുലുങ്ങിയില്ല. 36–ാം മിനിറ്റില്‍ ഹോസുവിന്റെ ഫ്രീകിക്കില്‍ സന്ദേശ് ജിങ്കന്റെ ഹെഡ്ഡര്‍ ഗോവന്‍ ഗോളി കഷ്ടപ്പെട്ടു കുത്തിയകറ്റി. കേരളത്തിന്റെ സൂപ്പര്‍ താരം മൈക്കല്‍ ചോപ്രയെ പൂട്ടിയ ഗോവന്‍ തന്ത്രം വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ചു ചോപ്രയുടെ നിഴല്‍ മാത്രമായിരുന്നു മൈതാനത്തു കണ്ടത്. 38–ാം മിനിറ്റില്‍ ജിങ്കന്റെ പാസില്‍നിന്ന് പന്തുമായി ബോക്‌സിനകത്തു കയറിയ ചോപ്രയെ കീനന്‍ അല്‍മെയ്ഡ ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.

കേരളത്തിന്റെ ആക്രമണോത്സുകത കണ്ടിട്ടാകണം രണ്ടാം പകുതിയില്‍ സീക്കോ ജോഫ്രിയെ മാറ്റി അനുഭവസ്ഥനായ ലൂസിയോയെ പ്രതിരോധത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, 46–ാം മിനിറ്റില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടി. ഇടതു വിംഗില്‍ പന്തുമായി കുതിച്ച മെഹതാബ് ഹുസൈന്‍ റഫീക്കിനു മറിച്ചു നല്‍കി. ഗോള്‍ മുഖത്തേക്കുള്ള റഫീക്കിന്റെ പാസ് ഗോവന്‍ താരം രാജു ഗെയ്ക്വാദിന്റെ കാലില്‍. എന്നാല്‍, പന്ത് നിയന്ത്രിക്കാന്‍ ഗെയ്ക്വാദിനായില്ല. അടുത്തു നിന്നിരുന്ന റാഫിയുടെ കാലിലേക്ക് പന്ത് ഒഴുകിയെത്തി. അവസരം ഒട്ടും പാഴാക്കാതെ റാഫിയുടെ ഷോട്ട് വലയില്‍. ഐഎസ്എലില്‍ മലയാളി താരത്തിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്, സീസണില്‍ ആദ്യത്തേതും.

കേരളം സമനില നേടിയതോടെ ഗോവയും ഉണര്‍ന്നു. ഇരു ടീമും കൈയും മെയ്യും മറന്നു കളിച്ചു. ഇതോടെ കളി പരുക്കനാക്കിയി. ഫലം, ഹോസുവിനു മഞ്ഞക്കാര്‍ഡ്. 63–ാം മിനിറ്റില്‍ ഗോവന്‍ താരം ജൂലിയോ സെസാറിന്റെ അളന്നു മുറിച്ചുള്ള ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി അസാധ്യമായി ചാടി കൈയിലൊതുക്കി.

84– ാം മിനിറ്റില്‍ കേരളത്തിന്റെ ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തമെത്തി. ഹെയ്ത്തി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് ഗോവന്‍ വല തുളച്ചു. ഹോസുവിന്റെ പാസുമായി ബെല്‍ഫോര്‍ട്ട് വലതു വിംഗിലൂടെ കുതിച്ചു. രണ്ട് ഗോവന്‍ പ്രതിരോധ നിരക്കാരെ നര്‍ത്തകന്റെ പാടവത്തോടെ മറികടന്നുള്ള മുന്നേറ്റത്തിനൊടുവില്‍ അപ്രതീക്ഷിതമായി ബെല്‍ഫോര്‍ട്ടിന്റെ 25 വാര അകലെ നിന്നുള്ള ഷോട്ട്. നിനച്ചിരിക്കാതെ വന്ന ഷോട്ട് കണ്ടുനില്‍ക്കാനേ ഗോവന്‍ ഗോളിക്കായുള്ളൂ.

ഒരു മാറ്റം വരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫത്തോര്‍ഡയില്‍ ഇറങ്ങിയത്. ഡക്കന്‍സ് നാസനു പകരം ബെല്‍ഫോര്‍ട്ടിനെ ആദ്യ ഇലവനില്‍ ഇറക്കി. 4–2–3–1 ഫോര്‍മേഷനില്‍ റാഫിയെ മുന്നില്‍ നിര്‍ത്തി തൊട്ടുപിന്നില്‍ മൈക്കല്‍ ചോപ്രയെ ഇറക്കിക്കൊണ്ട് പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കി. എന്നാല്‍ മറുവശത്ത് ഗോവ മധ്യനിരയ്ക്കു മുന്‍ തൂക്കം നല്‍കി 3–5–2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബ്രസീല്‍ കോച്ച് സീക്കോ നിലനിര്‍ത്തി.

Related posts