കൊട്ടാരക്കര: ഗ്രാമപ്രദേശങ്ങളിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ ജില്ലയില്‍ ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റി നിര്‍മിച്ച കുഴല്‍ കിണറുകളില്‍ ഭൂരിപക്ഷവും ഉപയോഗശൂന്യം. മിക്ക ഗ്രാമപ്രദേശങ്ങളിലും നിര്‍മിച്ച ഇത്തരം കുടിവെളള പദ്ധതികള്‍ക്കായി ചിലവഴിച്ചത് കോടികളാണ്. ജലക്ഷാമം കടുത്തിട്ടും ഒരു തുളളിവെളളം പോലും ലഭ്യമാക്കാത്ത പദ്ധതികള്‍ക്കു വേണ്ടി ഇപ്പോഴും ലക്ഷങ്ങള്‍ ചില വിട്ടു കൊണ്ടിരിക്കുന്നു. കുഴല്‍ കിണര്‍ നിര്‍മിച്ച് ടാങ്കും പൈപ്പും ടാപ്പുകളും വഴി നൂറില്‍ താഴെ കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റി നടപ്പിലാക്കി വരുന്നത്. ഒരു ഗ്രാമത്തില്‍ തന്നെ ഇത്തരം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ആറുമാസം പോലും തുടര്‍ച്ചയായി കുടിവെളളം ലഭ്യമായിട്ടില്ല ഒരു പദ്ധതിയില്‍ നിന്നും. പ്രാദേശിക രാഷ്ട്രീയക്കാരും ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റി ജീവനക്കാരും ഇടനിലക്കാരായി കരാറുകാരും ചേര്‍ന്നുളള കൊടിയ അഴിമതിയാണ് ഈ രംഗത്തു നടന്നു വരുന്നത്. വളരെ ആസൂത്രിതമായാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.
കുടിവെളള ക്ഷാമമുളള പ്രദേശങ്ങള്‍ തിരഞ്ഞു പിടിച്ച് പ്രാദേശിക രാഷ്ട്രീയക്കാര്‍ രംഗത്തെത്തും. പ്രദേശവാസികളുടെ പിന്തുണയും ഉറപ്പാക്കും. പിന്നീട് നാട്ടുകാരുടെ ഒപ്പു സമാഹരിച്ച് നിവേദനങ്ങള്‍ നല്‍കും . തുടര്‍ന്ന് കുഴല്‍ കിണര്‍ പദ്ധതിക്കായി ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റിയെ സമീപിക്കും. ഇതിനായി എം എല്‍ എ മാരടക്കമുളള ജന പ്രതിനിധികളുടെ കത്തും നല്‍കും. ഇത്രയും ആയിക്കഴിഞ്ഞാല്‍ പിന്നീടുളള കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റയിലെ സ്ഥിരം കരാറുകരാണ്. സ്ഥല പരിശോധന നടത്തുന്നതും വെളളത്തിന്റെ ലഭ്യത സര്‍വേ നടത്തുന്നതും ഈ കരാറുകാരുടെ നേതൃത്വത്തിലാണ്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തില്‍ പേരിന് ഒരു ബനിഫിഷറി കമ്മിറ്റി രൂപികരിക്കുമെങ്കിലും കരാറുകരാണ് പിന്നീടുളള കാര്യങ്ങളെല്ലാം ചെയ്യുന്നത്.
ശാസ്ത്രീയ പരിശോധനക്കു ശേഷം കുഴിക്കുന്ന കുഴല്‍ കിണറില്‍ തുടക്കത്തില്‍ ആവശ്യത്തിനു വെളളം കാണും. ഇതോടെ നാട്ടുകാര്‍ തൃപ്തരാവുകയും ചെയ്യും. പിന്നീടാണ് വലിയ തട്ടിപ്പുകള്‍ അരങ്ങേറുന്നത് . ഭൂഗര്‍ഭജലം തുടര്‍ച്ചയായി ലഭിക്കുന്നതിന് കുഴല്‍ കിണറിന് ആഴമുണ്ടായിരിക്കില്ല. അദ്യത്തെ ജല പ്രവാഹത്തിനുശേഷം പിന്നീട് ജല പ്രവാഹം നിലക്കുകയാണ് സംഭവിക്കുന്നത്. പൈപ്പിറക്കുന്നതും കുഴല്‍ കിണറിന്റെ പകുതിയോളം മാത്രമേകാണു. ഇതു മൂലം മണ്ണിടിഞ്ഞ് കുഴല്‍ കിണര്‍ താമസിയാതെ നികരുകയും വെളളം ലഭ്യമല്ലാതെ വരികയും ചെയ്യും.
നിലവാരം കുറഞ്ഞ മോട്ടോറും പൈപ്പുകളും ടാങ്കുകളുമാണ് ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ ഇവയെല്ലാം തകരാറിലാവുകയും ചെയ്തു വരുന്നു. ഒരു മാസം പോലും തുടര്‍ച്ചയായി വെളളം ലഭിക്കാത്ത കുഴില്‍ കിണര്‍ പദ്ധതികള്‍ നാട്ടിന് പുറങ്ങളില്‍ നിരവധിയാണ്. എന്നിട്ടും തൊട്ടടുത്ത പ്രദേശങ്ങളില്‍ വീണ്ടും കുഴല്‍ കിണര്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യഗ്രത കാട്ടുകയും ചെയ്തു വരുന്നു. ജല വിഭവ വകുപ്പിലെ അപ്രധാന വകുപ്പായ ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റിയില്‍ നടന്നു വരുന്ന കൊടിയ അഴിമതിക്കെതിരെ കുടിവെളളംനിലച്ചവര് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമ നടപടിക്കും നീക്കമുണ്ട്.